27 November, 2025 09:08:59 PM
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം റൂറൽ എസ് പിയാണ് യുവതിയുടെ മൊഴിയെടുക്കുന്നത്. റൂറൽ എസ് പിക്കാണ് പരാതിയിലെ അന്വേഷണ ചുമതല. പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം. ഇന്ന് വൈകിട്ട് 4.15-ഓടെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി കൈമാറിയത്. തെളിവുകളും കൈമാറിയിട്ടുണ്ട്.
പിന്നാലെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിപ്പിക്കുകയും പരാതിയിൽ കേസെടുക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തു. നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിയുടെ പരാതി പ്രത്യേക കേസായി അന്വേഷിക്കാനാണ് നിലവിൽ തീരുമാനം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് നീക്കം.
യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് ശേഷം രാഹുൽ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഓഫീസ് അടച്ച് പോയത്. പരാതിയെ നിയമപരമായി പോരാടും എന്ന് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ലൈംഗിക പീഡന പരാതി യുവതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ നീക്കം തുടങ്ങിയതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന നിർണായക വിവരം. നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി രാഹുൽ ചർച്ച നടത്തിയതായാണ് വിവരം.







