09 December, 2025 07:06:09 PM
വാര്‍ഡില്‍ എൻഡിഎ സ്ഥാനാർഥിയില്ല, മെഷീനില്‍ നോട്ടയുമില്ല; വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമെന്ന് പി.സി. ജോർജ്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനില്‍ നോട്ട സ്വിച്ച് ഇല്ലാത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നാണ് പിസി ജോര്‍ജ് നോട്ട ഇല്ലാത്ത സാഹചര്യത്തെ വിമര്‍ശിച്ചത്. സ്വന്തം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യമാണ് പി സി ജോര്‍ജിനെ ചൊടിപ്പിച്ചത്. നോട്ടയില്ലാതെ തെരഞ്ഞെടുപ്പ് മെഷീന്‍ ക്രമീകരിച്ച ഇലക്ഷന്‍ കമ്മീഷന്റെ നടപടി വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് പി സി ജോര്‍ജിന്റെ വിമര്‍ശനം.
ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് പിസി ജോര്‍ജിന്റെ ചോദ്യം. ''ഇവിടെ രണ്ട് സ്ഥാനാര്‍ഥികളാണുള്ളത്. അതിലൊരാള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ നോട്ടക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഒരാള്‍ക്ക് ഞാന്‍ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരക്കേട് കാണിക്കുകയാണോ. എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ തനിക്ക് പരാതിയുണ്ടെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.







