12 December, 2025 12:37:02 PM


ശബരിമല സ്വര്‍ണക്കൊളള കേസ്; എ പത്മകുമാറിന് ജാമ്യമില്ല



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ എ പത്മകുമാറിന് ജാമ്യമില്ല. കൊല്ലം പ്രത്യേക വിജിലന്‍സ് കോടതിയാണ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തളളിയത്. ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമുണ്ട് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പത്മകുമാറിന് സ്വര്‍ണക്കൊളളയില്‍ നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം. ഒരുമാസത്തോളമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എ പത്മകുമാര്‍.

കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന കാര്യം എസ്‌ഐടിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലടക്കം ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പാക്കി രേഖപ്പെടുത്തിയതും പത്മകുമാറാണ് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.

 സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്ന നി​ഗമനത്തിലും എസ്‌ഐടി എത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307