02 December, 2025 11:21:31 AM


കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നൽകി; എഎസ്ഐയ്ക്ക് സസ്പെന്‍ഷൻ



പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവല്ല പൊലീസ് സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ ബിനു കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കു മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കുന്ന രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരം ഉള്‍പ്പെടെ പണം വാങ്ങി ചോര്‍ത്തി നല്‍കിയതിനാണ് എഎസ്‌ഐ ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതല്‍ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് ഹാജരാക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതിഭാഗം അഭിഭാഷകന് ബിനു കുമാര്‍ കൈമാറിയെന്നാണ് കണ്ടെത്തല്‍. തിരുവല്ലയിലെ ഒരു ബാറില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിരുവല്ല പൊലീസ് ബെംഗളൂരുവിലെത്തിയാണ് പിടികൂടിയത്. ശേഷം തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കോടതി നടപടികളിലേക്ക് കടന്നതിന് ശേഷമാണ് ബിനു കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായത്.

ആരോപണങ്ങളെ തുടര്‍ന്ന് എഎസ്‌ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പി ആര്‍. ആനന്ദാണ് ബിനുവിനെ എ.ആര്‍. ക്യാമ്പിലേക്ക് മാറ്റിയത്. തിരുവനന്തപുരം റൂറലില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പാണ് ബിനുവിനെ തിരുവല്ലയിലേക്ക് മാറ്റിയത്. പിന്നാലെ വീണ്ടും കൃത്യവിലോപം കണ്ടെത്തിയതോടെ ജില്ലാ ക്യാംപിലേക്ക് മാറ്റുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925