17 June, 2017 10:15:41 AM
ബാങ്ക് ഇടപാടുകൾക്കും പുതിയ അക്കൗണ്ടിനും ആധാർ നിർബന്ധമാക്കി
ദില്ലി: 50,000 രൂപയ്ക്കു മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കി. ബാങ്ക് അക്കൗണ്ട് തുടങ്ങാനും ആധാർ നിർബന്ധമാക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ ഡിസംബർ 31 വരെ സമയം അനുവദിച്ചു. ഇതിൽ വീഴ്ച വരുത്തുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കും.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിനു കീഴിലെ ചട്ടങ്ങൾ ഭേദഗതി ചെയ്താണു കേന്ദ്ര റവന്യൂ വകുപ്പ് ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. പാൻ കാർഡിനെ ആധാറുമായി ബന്ധപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനു കഴിഞ്ഞ ആഴ്ച സുപ്രീംകോടതി അംഗീകാരം നൽകിയിരുന്നു. പാൻ കാർഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ് സമർപ്പിക്കുന്നതിനും ഇനി ആധാർ നിർബന്ധമാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിച്ച് ആളുകൾ നികുതിവെട്ടിപ്പു നടത്തുന്നതു തടയാനാണു നടപടിയെന്നാണു സർക്കാർ വിശദീകരണം. വ്യക്തികളും കന്പനികളും പാർട്നർഷിപ്പ് സ്ഥാപനങ്ങളും 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കു പാൻകാർഡിനും ഫോം60നും ഒപ്പം ആധാർ വിവരങ്ങളും നൽകണമെന്നാണു പുതിയ ചട്ടം.
കെവൈസി രേഖകൾ ഇല്ലാതെ തുറക്കാമായിരുന്ന 50,000 രൂപ വരെ നിക്ഷേപമുള്ള ചെറു ബാങ്ക് അക്കൗണ്ടുകൾ ഇനി കോർ ബാങ്കിംഗ് സംവിധാനമുള്ള ബ്രാഞ്ചുകളിൽ മാത്രമേ തുറക്കാനാകൂ. ഇത്തരം അക്കൗണ്ടുകളിൽ വിദേശ നിക്ഷേപം എത്തുന്നില്ല എന്നു നിരീക്ഷിക്കാൻ കഴിയുന്ന ശാഖകളിലും അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ടിലെ പ്രതിമാസ, വാർഷിക വിനിമയങ്ങൾ 50,000 രൂപ പരിധിക്കുള്ളിൽ നിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ഭീകരവാദത്തിനോ പണം തട്ടിപ്പിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ഇത്തരം അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നിരീക്ഷണം കർശനമാക്കുന്നതെന്നു വിജ്ഞാപനത്തിൽ പറയുന്നു. ഇനി മുതൽ ഉയർന്ന വിനിമയങ്ങൾക്ക് ബാങ്കുകളിൽ പാൻ കാർഡോ ഫോം 60 ഓ സമർപ്പിക്കണം. കന്പനികളുടെ പേരിൽ അക്കൗണ്ട് തുറക്കാൻ മാനേജരുടെയോ അറ്റോർണിയുടേയോ ആധാർ നന്പർ നൽകണം.
ആധാർ നിർബന്ധമാക്കുന്നതിനെതിരേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. സർക്കാർ നടപടി പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും കഷ്ടത്തിലാക്കുമെന്നും വ്യക്തികളുടെ സ്വകാര്യത ഹനിക്കപ്പെടുമെന്നുംഅവർ പറഞ്ഞു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരേയും മമത രംഗത്തെത്തിയിരുന്നു.