12 June, 2017 12:35:35 AM
ജിഎസ്ടി; 66 ഉത്പനങ്ങളുടെ നികുതിനിരക്ക് കുറച്ചു
ദില്ലി: ചരക്കുസേവ നികുതി നടപ്പിലാകുന്ന അടുത്ത മാസം ഒന്നു മുതല്‍ കയര്‍ ഉത്പന്നങ്ങള്‍ക്കും കശുവണ്ടിപ്പരിപ്പിനും അച്ചാറിനും സ്‌കൂള്‍ ബാഗിനും ഇന്‍സുലിനും വില കുറയും. ഇതടക്കം 66 ഉത്പന്നങ്ങളുടെ നികുതി നിരക്കുകള്‍ പുന:ക്രമീകരിച്ചു. ലോട്ടറിയുടെ നികുതി അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിക്കും. ജിഎസ്ടി നടപ്പിലാക്കുന്‌പോള്‍ ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥനത്തിനും കേന്ദ്രത്തിനുമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ചെറുകിട വ്യവസായികള്‍ക്ക് ആശ്വാസമേകി ഒരു ശതമാനം അനുമാന നികുതി നല്‍കേണ്ടവരുടെ വാര്‍ഷിക വിറ്റുവരുമാനം 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്തി. കശുവണ്ടിപ്പരിപ്പ്, കയര്‍, ഇന്‍സുലിന്‍, പൂജ സാമഗ്രികള്‍. ഐസ് എന്നിവയുടെ നികുതി 12ല്‍ നിന്ന് അഞ്ചാക്കി ചുരുക്കിയതോടെ വില കുറയുമെന്നുറപ്പായി. സ്‌കൂള്‍ ബാഗിനും പ്രിന്ററിനും 28 ശതമാനത്തില്‍ നിന്ന് 18ആയും അച്ചാറും സോസും പഴവും പച്ചക്കറിയും ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ നികുതി 18ല്‍ നിന്ന് 12ആയും കുറച്ചതോടെ വില കുറയും.
കുട്ടികളുടെ പരിശീലന പുസ്‌കങ്ങളുടെ നികുതി 18ല്‍ നിന്ന് 12ആയും കളറിംഗ് പുസ്തകങ്ങള്‍ക്ക് നികുതി ഒഴിവാക്കുകയും ചെയതതോടെ വില കുറയും. 100 രൂപയില്‍ താഴെയുള്ള സിനിമ ടിക്കറ്റിന് 18 ശതമാനവും മുകളിലുള്ളവയ്ക്ക് 28 ശതമാനവും നികുതി. 250 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് നികുതി ഒഴിവാക്കിയ സ്ഥാനത്താണ് പുതിയ നിരക്ക്. ഇതോടെ 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് മാത്രം നിരക്ക് കുറയും.
പ്ലൈവുഡിന്റെ നികുതി 28 ശതമാനത്തില്‍ നിന്ന് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ലോട്ടറിക്ക് 28 ശതമാനം പരമാവധി നികുതി ചുമത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നീട്ടിക്കൊണ്ടുപോകുന്നതില്‍ ദുരൂഹതയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറിയുടേയും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിന്റേയും നികുതി നിരക്കുകള്‍ അടുത്ത ഞായറാഴ്ച്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിക്കും. നിലവില്‍ 18 ശതമാനം നികുതിയുള്ള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിനെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.