09 June, 2017 09:50:12 AM
വാട്ട്സ്ആപ് വിവരങ്ങൾ ഫേസ്ബുക്കിന്റെ സ്വന്തം ഡാറ്റാ സെന്ററിലേക്ക്
ന്യൂയോർക്ക്: വാട്ട്സ്ആപ് ഡാറ്റ സ്വന്തം ഡാറ്റാ സെന്ററുകളിലേക്ക് മാറ്റാൻ ഫേസ്ബുക്ക് ഒരുങ്ങുന്നു. ഇപ്പോൾ ഐബിഎം ക്ലൗഡിലാണ് വാട്ട്സ്ആപ്പിന്റെ ഡാറ്റാ ഫേസ്ബുക്ക് ശേഖരിക്കുന്നത്. ലോകമെന്പാടുമായി 120 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന്റെ ഡാറ്റാ ശേഖരണത്തിനായി പ്രതിമാസം 20 ലക്ഷം ഡോളർ വീതമാണ് വാടകയിനത്തിൽ ഫേസ്ബുക്ക് ഐബിഎമ്മിന് നല്കിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കാനാണ് പുതിയ നീക്കം.
ഏപ്രിലിലെ കണക്കുകളനുസരിച്ച് ക്ലൗഡ് ബിസിനസിൽ ആമസോൺ വെബ് സർവീസസാണ് മുന്നിൽ. മാർക്കറ്റിന്റെ 33 ശതമാനവും ആമസോണിന്റെ പക്കലാണ്. മൈക്രോസോഫ്റ്റിന്റെ അസ്വർ ക്ലൗഡാണ് ഐബിഎമ്മിനു വെല്ലുവിളിയാകുന്ന മറ്റൊരു കമ്പനി.
2014ൽ 1,900 കോടി ഡോളറിന് വാട്ട്സ്ആപ്പിനെ ഏറ്റെടുത്ത ഫേസ്ബുക്ക് ഐബിഎമ്മിൽ ഡാറ്റാ ശേഖരണം തുടരുകയായിരുന്നു. 2012ൽ ഏറ്റെടുത്ത ഇൻസ്റ്റഗ്രാമിന്റെ ഡാറ്റകൾ സ്വന്തം ഡാറ്റാ സെന്ററിലേക്കു മാറ്റുന്ന നടപടികളും ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. ആമസോൺ വെബ് സർവീസസിലാണ് ഇൻസ്റ്റഗ്രാമിലെ ഡാറ്റകൾ സംരക്ഷിച്ചിരിക്കുന്നത്.