24 May, 2017 12:39:29 PM


കിട്ടാക്കടക്കാരുടെ പേര് വെളിപ്പെടുത്തില്ലെന്ന് റിസര്‍വ്വ് ബാങ്ക്



ദില്ലി: വായ്പയെടുത്ത് മനഃപ്പൂര്‍വ്വം തിരിച്ചടക്കാത്തവരുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ്വ് ബാങ്ക്. രാജ്യത്തിന്‍റെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ നിയപ്രകാരമുള്ള ആവശ്യം ആര്‍ ബി ഐ നിരസിച്ചത്.


പൊതു-സ്വകാര്യ ബാങ്കുകളിലായി ഒരു കോടിയിലധികം രൂപയുടെ വായ്പ കുടിശ്ശികയുള്ളവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദില്ലി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകനും വ്യവസായിയുമായ സുഭാഷ് അഗര്‍വ്വാളാണ് റിസര്‍വ്വ് ബാങ്കിനെ സമീപിച്ചത്. എന്നാല്‍ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്നും വാണിജ്യപരമായ ആത്മവിശ്വാസം തകരുമെന്നുമായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ വിശദീകരണം.


ക്രെഡിറ്റ് വിവരങ്ങള്‍ പുറത്ത് വിടാതിരിക്കാനനുവദിക്കുന്ന ആര്‍ ബി ഐ നിയമത്തിലെ 45 ഇ - വകുപ്പും കാരണമായി പറഞ്ഞിട്ടുണ്ട്. കിട്ടാകടം വരുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ആര്‍ബിഐയുടെ നടപടിയെന്നതാണ് ശ്രദ്ധേയം. 2015 ഡിസംബര്‍ 16 നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയില്‍ കിട്ടാകടക്കാരുടെ പേര് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്ന ആര്‍ ബി ഐയുടെ വാദം അന്ന് കോടതി തള്ളിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K