11 May, 2017 04:45:08 PM
എ.ടി.എം ഇടപാടിന് സര്‍വീസ് ചാര്‍ജ്: ഉത്തരവ് എസ്.ബി.ഐ പിന്‍വലിച്ചു
തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്കി എസ്ബിഐ ഏര്‍പ്പെടുത്തിയ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ പിന്‍വലിച്ചു. പ്രതിമാസം നാല് എടിഎം ഇടപാടുകൾ സൗജന്യം. ട്വിറ്ററിലൂടെയാണ് എസ്ബിഐയുടെ വിശദീകരണം. എസ്ബിഐ പുതിയ സർക്കുലർ പുറത്തിറക്കിയിട്ടില്ല. എടിഎമ്മിലെ ഓരോ അധിക ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് ഈടാക്കും.
ഉത്തരവിനെ കുറിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണിത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ജൂൺ ഒന്ന് മുതൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഇൗടാക്കുമെന്ന വിവരം ഒൗദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ചില സാമ്പത്തിക വാർത്താമാധ്യമങ്ങൾ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നു.
പണം പിൻവലിക്കാൻ എ.ടി.എമ്മിനെ ആശ്രയിക്കുന്നവർക്ക് ആഘാതമാവുന്ന തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടപാടുകാരുടെ പ്രയാസവും ബാങ്ക് ശാഖകളിലെ തിരക്കും ലഘൂകരിക്കാനെന്ന പേരിൽ എ.ടി.എം ശീലിപ്പിച്ച ശേഷമാണ് സർവിസ് ചാർജിന്റെ പേരിൽ ബാങ്കുകള്‍ അടിക്കടി പ്രഹരം നല്കി വരുന്നത്. എടിഎമ്മിലൂടെ ബാങ്ക് നിഷ്കര്‍ഷിക്കുന്ന മിനിമം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും പണം കിട്ടിയില്ലെങ്കിലും സർവിസ് ചാർജ് ഇൗടാക്കുന്ന പ്രവണത ഇപ്പോഴും നിലനില്‍ക്കെയാണ് എസ്ബിഐയുടെ പുതിയ നീക്കമുണ്ടായത്.
മുഷിഞ്ഞ നോട്ടുകൾ ഒരു പരിധിയിലധികം മാറ്റിയെടുക്കുന്നതിനും സർവിസ് ചാർജ് ഇൗടാക്കുവാന് നീക്കമുണ്ടായിരുന്നു. 5,000 രൂപ വരെ മൂല്യമുള്ള 20 മുഷിഞ്ഞ നോട്ടുകൾ വരെ മാറ്റാൻ സർവീസ് ചാർജ് വേണ്ട. 20ൽ അധികമുണ്ടെങ്കിൽ ഒാരോ നോട്ടിനും രണ്ട് രൂപയും സേവന നികുതിയും കൊടുക്കേണ്ടി വരും. നോട്ടിന്റെ മൂല്യം 5,000 രൂപയിലും അധികമാണെങ്കിൽ ഒാരോ നോട്ടിനും രണ്ട് രൂപയും സേവന നികുതി അല്ലെങ്കിൽ 1000 രൂപക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയിൽ അധികം വരുന്നത് ഏതാണോ അതാണ് ഇൗടാക്കുക. അതായത്, 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമങ്കിൽ നോട്ട് ഒന്നിന് രണ്ട് രൂപ കണക്കാക്കിയാൽ 50 രൂപയും സേവന നികുതിയും വരും. എന്നാൽ, 1,000 രൂപക്ക് അഞ്ച് രൂപ എന്ന കണക്കിലാണെങ്കിൽ 62.50 രൂപയും സേവന നികുതിയുമാണ് വരിക. ഇത്തരം ഇടപാടിന് അധികം വരുന്ന സർവിസ് ചാർജ്, 62.50 രൂപ വാങ്ങാനാണ് ധാരണ.