05 May, 2017 01:55:10 PM


ചെറുകിട ഭവനവായ്പകളില്‍ 23 ശതമാനം വാര്‍ഷിക വളര്‍ച്ച




കൊച്ചി: പത്തു ലക്ഷം രൂപയ്ക്കു താഴെയുള്ള ചെറിയ ഭവന വായ്പകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് 23 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയെന്നും ഈ മേഖലയില്‍ വന്‍ വളര്‍ച്ചയ്ക്കു സാധ്യതയേറെയാണെന്നും ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ മാര്‍ക്കറ്റ് ഇന്‍സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു ആകര്‍ഷകമായ വസ്തുത, വളര്‍ച്ചയ്‌ക്കൊപ്പം കിട്ടാക്കടത്തിന്‍റെ അളവ് ഒരു ശതമാനത്തിലേക്കു താഴ്ത്തുവാനും സാധിച്ചിട്ടുണ്ട്. 

ശരാശരി വായ്പാ വലുപ്പം 2009- 10 വര്‍ഷത്തിലെ 4.8 ലക്ഷം രൂപയില്‍നിന്നു 4.1 ലക്ഷം രൂപയായി ഇപ്പോള്‍ താഴുകയും ചെയ്തു. ഇതോടെ‌ താഴേത്തട്ടില്‍ കൂടുതല്‍ പേര്‍ക്ക് വായ്പാപ്രാപ്യത വര്‍ധിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ചെറിയ ഭവന വായ്പയില്‍ അഞ്ചുവര്‍ഷംകൊണ്ട് 3.5 ദശലക്ഷം പുതിയ വായ്പാ അക്കൗണ്ടുകള്‍ തുറന്നിരിക്കുകയാണ്. 2012- 16 കാലയളവിലെ വാര്‍ഷിക വളര്‍ച്ച ഏതാണ്ട് 23 ശതമാനമാണ്. 2009- 10ല്‍ വായ്പയുടെ ശരാശരി വലുപ്പം 4.7 ലക്ഷം രൂപയായിരുന്നത് ഇപ്പോള്‍ 4.1 ലക്ഷം രൂപയായി താഴ്ന്നിട്ടുണ്ട്. 2016ല്‍ ഏഴര ലക്ഷം പേര്‍ക്കായി 30,400 കോടി രൂപയാണ് ഈ വിഭാഗത്തില്‍ ഭവനവായ്പയായി അനുവദിച്ചത്. ഇതു സൂചിപ്പിക്കുന്നത് ഈ മേഖലയില്‍ വന്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ ചെറിയ ഭവന വായ്പ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മൊത്തം ഭവനവായ്പാ അക്കൗണ്ടുകളുടെ 55-60 ശതമാനത്തോളം ഈ അഞ്ചു സംസ്ഥാനങ്ങളുടെ സംഭാവനയാണ്. ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന മഹാരാഷ്ട്ര 6.53 ലക്ഷം വായ്പകളാണ് നല്‍കിയത്. മധ്യപ്രദേശ് (5.6 ലക്ഷം), ഗുജറാത്ത് (3.13 ലക്ഷം), തമിഴ്‌നാട് (2.65 ലക്ഷം), ആന്ധ്രപ്രദേശ് (2.28 ലക്ഷം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഈ വിഭാഗത്തിലെ കിട്ടാക്കടം ഏതാണ്ട് സ്ഥിരതയോടെ തുടരുകയാണ്. ഒരു ശതമാനമാണ് കിട്ടാക്കടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K