07 April, 2017 03:17:15 PM
പെട്രോള്‍ ഡീസല്‍ വില ദിനംപ്രതി മാറ്റുന്നതിന് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
ദില്ലി : രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില ഇനി മുതല്‍ ദിനം പ്രതി പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയവ ഇതിനുള്ള ആലോചനയിലാണെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണവില പരിഷ്‌കരണം ദിനംപ്രതിയാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കമ്പനികള്‍ ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ നിലവില്‍പ്രധാന ആഗോള വിപണികളെല്ലാം തന്നെ എണ്ണവില ദിനം പ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണവില പരിഷ്‌കരിക്കുന്നത്. ഡിജിറ്റല്‍ മീഡിയയും, സോഷ്യല്‍ മീഡിയയും വഴി ആഗോള വിപണിയിലെ എണ്ണവില വ്യത്യാസം പരിഗണിച്ച് ഇന്ത്യയിലും വില പരിഷ്‌കരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ എണ്ണവിപണിയിലെ 95 ശതമാനം വിഹിതവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടേതാണ്. രാജ്യത്തെ 53 ,000 ഓളം ഫില്ലിംഗ് സ്റ്റേഷനുകളില്‍ ഒട്ടുമിക്കതിലും ഓട്ടോമേഷന്‍ സൗകര്യം നിലവിലുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനം അനുസരിച്ച് ദിനംപ്രതി വില മാറ്റുന്നതിന് തടസ്സമില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.