05 April, 2017 11:34:13 AM
നോട്ട് ക്ഷാമം: സംസ്ഥാനത്തെ ട്രഷറികള്‍ സ്തംഭനാവസ്ഥയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ട്രഷറികള്‍ക്കും ആവശ്യമായ കറന്‍സി അനുവദിക്കാത്ത റിസര്‍വ് ബാങ്കിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും നിലപാട് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ബാങ്കുകള്‍ കറന്‍സി നല്‍കാത്തതുമൂലം നൂറിലേറെ ട്രഷറികള്‍ കറന്‍സി ലഭിക്കാതെ ബുദ്ധിമുട്ടുന്നു. നോട്ട് നിരോധനത്തിന്‍റെ ദുരിതങ്ങള്‍ തീര്‍ന്നുവെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അവകാശപ്പെടുമ്പോഴാണ് സാമ്പത്തിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നത്. കേരള സര്‍ക്കാരിനെ കരുതിക്കൂട്ടി പ്രതിസന്ധിയിലാക്കാനുള്ള നീക്കമാണിതെന്നു സംശയിക്കുന്നു.
സംസ്ഥാനത്തെ 24 ട്രഷറികള്‍ക്ക് ചൊവ്വാഴ്ച ഒരു രൂപ പോലും ബാങ്കില്‍നിന്ന് ലഭിച്ചില്ല. മൂവാറ്റുപുഴ ജില്ലാ ട്രഷറി, എരുമേലി, വേങ്ങര, കൊട്ടാരക്കര, മണലൂര്‍, എടത്വാ, കുറവിലങ്ങാട്, കരിമണ്ണൂര്‍, പേരാവൂര്‍, ചെങ്ങന്നൂര്‍, നൂറനാട്, ദ്വാരക, വെള്ളരിക്കുണ്ട്, മുതുകുളം, മൂവാറ്റുപുഴ, അരീക്കോട്, ചടയമംഗലം, കോന്നി, മാവേലിക്കര, വടക്കഞ്ചേരി, ഹരിപ്പാട്, മുകുന്ദപുരം, കടയ്ക്കല്‍, തിരൂരങ്ങാടി സബ്ട്രഷറികള്‍ക്കാണ് പണം ലഭിക്കാതിരുന്നത്.
അമ്പത്തഞ്ച് ട്രഷറികള്‍ക്ക് ആവശ്യപ്പെട്ടതിന്‍റെ പകുതിയില്‍ താഴെ തുകയാണ് ലഭിച്ചത്. ജില്ലാ ട്രഷറികളായ കോട്ടയം, കൊട്ടാരക്കര, കണ്ണൂര്‍, ചെങ്ങന്നൂര്‍, ചെര്‍പ്പുളശേരി, കോഴിക്കോട്, സബ് ട്രഷറികളായ ശാസ്താംകോട്ട, അഞ്ചല്‍, വൈക്കം, കടുത്തുരുത്തി, തിരുവല്ല, പൂയപ്പള്ളി, പാമ്പാടി, മുണ്ടക്കയം, പയ്യോളി, കോട്ടയം മെഡിക്കല്‍കോളേജ്, കുണ്ടറ, കോലഞ്ചേരി, പന്തളം, കായംകുളം, കോതമംഗലം, പള്ളിക്കത്തോട്, ചങ്ങരംകുളം, ചേലക്കര, പത്തനംതിട്ട, കറുകച്ചാല്‍, തലപ്പിള്ളി, ചാത്തന്നൂര്‍, ചങ്ങനാശേരി, ബാലുശേരി, പീരുമേട്, കോഴഞ്ചേരി, പൊന്‍കുന്നം, ഏറ്റുമാനൂര്‍, തലശേരി (പെന്‍ഷന്‍), ചേര്‍ത്തല, പത്തനാപുരം, പാനൂര്‍, പുനലൂര്‍, വണ്ടൂര്‍, ശ്രീകണ്ഠപുരം, ചവറ, ആലപ്പുഴ (പെന്‍ഷന്‍), വളാഞ്ചേരി, കുമ്പനാട്, തലശേരി, മല്ലപ്പള്ളി, പൂയപ്പള്ളി, പരവൂര്‍, ഇരിട്ടി, അമ്പലപ്പുഴ, കോഴിക്കോട് (പെന്‍ഷന്‍), പേരാമ്പ്ര, ചക്കരക്കല്ല്, നോര്‍ത്ത് പറവൂര്‍ എന്നിവയ്ക്കാണ് ആവശ്യപ്പെട്ടതിന്റെ പകുതിയില്‍താഴെ കറന്‍സി ലഭിച്ചത്.
ഒരാഴ്ചയായി ചെങ്ങന്നൂര്‍, കൊട്ടാരക്കര ജില്ലാട്രഷറികളും ഹരിപ്പാട്, ചേര്‍ത്തല, കുത്തിയതോട്, അമ്പലപ്പുഴ, കോന്നി, മുരിക്കാശേരി, എറണാകുളം സബ്ട്രഷറികളും എറണാകുളം, കണ്ണൂര്‍, കൊല്ലം പെന്‍ഷന്‍ ട്രഷറികളും കറന്‍സി ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ബാങ്കുകളോടു ചേര്‍ന്നുള്ള എടിഎമ്മുകള്‍ പോലും കാലിയാണ്. മാസത്തിന്‍റെ ആദ്യം തന്നെ ഈ അവസ്ഥ വന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പണംകിട്ടാതെ ജനം വട്ടംചുറ്റുകയാണ്.
സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തില്‍ ട്രഷറിയിലെ തിരക്കും വര്‍ധിച്ചു. തദ്ദേശസ്ഥാപനങ്ങളും മറ്റും പദ്ധതിപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ബില്ലുകള്‍ സമര്‍പ്പിക്കുകയാണ്. ഇതരവകുപ്പുകളും ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തത്രപ്പാടിലാണ്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള പണം നേരിട്ട് കൈമാറുകയാണ് (ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍). പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയശേഷമുള്ള ആദ്യ സാമ്പത്തികവര്‍ഷാരംഭമാണിത്. പഞ്ചായത്തുകളും വിവിധ വകുപ്പുകളും പുതിയ ചിട്ടകള്‍ ശീലിച്ചുവരുന്നതേയുള്ളൂ.
ഓണ്‍ലൈനിലേക്ക് മാറിയാലും മിനിമം കറന്‍സി ഇടപാടുകള്‍ അനിവാര്യമാണ്. പെന്‍ഷന്‍കാര്‍ക്ക് പണം നല്‍കണം. ഇതിനു വേണ്ട പണം കൃത്യമായി ട്രഷറികള്‍ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് പ്രശ്നം അവതരിപ്പിച്ചു. എന്നിട്ടും കറന്‍സി ലഭ്യമാക്കാത്തതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന സംശയവും ഉയരുന്നു.