01 April, 2017 04:52:17 PM
ചരക്ക് വാഹന വില ഏപ്രില്‍ ഒന്നു മുതല്‍ 10 ശതമാനം വരെ വര്‍ധിക്കും
ചെന്നൈ : ചരക്ക് വാഹനങ്ങളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിക്കും. ആറ് മുതല്‍ പത്ത് ശതമാനം വരെയാണ് വര്‍ധനവ്. 49 ടണ്‍ വരെ ഭാരം വരുന്നതാണ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ വില വര്‍ധിക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പ്രസിഡന്‍റും അശോക് ലെയ്‌ലാന്‍ഡ് മാനേജിംഗ് ഡയറകടറുമായ വിനോദ് കെ ദസാരി അറിയിച്ചു.
അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്4 മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കാത്ത വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധി കൊമേഴ്‌സ്യല്‍ വാഹന വ്യവസായത്തെ കാര്യമായി ബാധിക്കില്ലെന്ന് വിനോദ് കെ ദസാരി വ്യക്തമാക്കി.
കയറ്റുമതിക്കുശേഷമുള്ള ബിഎസ്3 വാഹനങ്ങള്‍ ബിഎസ്4 എഞ്ചിന്‍ ഘടിപ്പിച്ച് വില്‍പ്പന നടത്താവുന്നതാണെന്ന് ദസാരി നിര്‍ദ്ദേശിച്ചു. പഴയ ബിഎസ്3 എഞ്ചിനുകള്‍ സ്‌പെയര്‍ പാര്‍ട്‌സ് ആയി വില്‍പ്പന നടത്തുകയും ചെയ്യാം.
സാധാരണഗതിയില്‍ വാഹന നിര്‍മ്മാതാക്കളുടെ പക്കല്‍ നാല് - ആറ് ആഴ്ചകള്‍ക്കുള്ള സ്‌റ്റോക് മാത്രമേ ഉണ്ടാകൂ. ഡീലര്‍മാരുടെ ഷോറൂമുകളിലാണെങ്കില്‍ രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ള വാഹനങ്ങളാണ് സൂക്ഷിക്കുന്നതെന്നും ദസാരി ചൂണ്ടിക്കാട്ടി. അശോക് ലെയ്‌ലാന്‍ഡിന്‍റെ കൈവശമുള്ള ബിഎസ്3 വാഹനങ്ങള്‍ നന്നേ കുറവാണെന്നും അദ്ദേഹം പറഞ്ഞു.