31 March, 2017 12:09:07 PM
നാളെ മുതല്‍ എസ്ബിടി ഇല്ല, എസ്ബിഐ മാത്രം
കൊച്ചി : നാളെ മുതല്‍ എസ്ബിടി-എസ്ബിഐ ലയനം യാഥാര്‍ത്ഥ്യമാവുന്നു. ഇനി എസ്ബിടി ഇല്ല. എസ്ബിടിയുടെ എല്ലാ ശാഖകളിലും ഏപ്രില്‍ ഒന്ന് മുതല്‍ എസ്ബിഐയുടെ ബോര്‍ഡുകള്‍ വെയ്ക്കും. എസ്ബിഐയുടെയും ലയിക്കുന്ന ബാങ്കുകളുടെയും അക്കൗണ്ട്, ഇടപാട് എന്നിവയുടെ ഡാറ്റാ ലയനം ഏപ്രില്‍ 23-നേ പൂര്‍ത്തിയാവൂ. ഇന്റര്‍നെറ്റ് ബാങ്കിങ്ങില്‍ മാത്രമാണ് ഉടന്‍ മാറ്റം വരുന്നത്.
ലയനത്തിനുശേഷം എസ്ബിടി അക്കൗണ്ടുള്ളവരും ഇന്റര്‍നെറ്റ് ബാങ്കിങ്ങിനായി www.onlinesbi.com എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നിലവിലുള്ള ബാങ്ക് തന്നെ തിരഞ്ഞെടുക്കണമെന്നും എസ്ബിഐ എസ്‌എംഎസിലൂടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. എസ്ബിഐയില്‍ ലയിച്ചെങ്കിലും എസ്ബിടിശാഖകളിലെ ജീവനക്കാര്‍ക്കും മാറ്റമില്ല. ജൂണ്‍വരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാം.