22 March, 2017 09:04:36 AM


കറന്‍സി ഇടപാട് പരിധി രണ്ട് ലക്ഷമാക്കാൻ നീക്കം




ദില്ലി: കറൻസി ഇടപാട് നടത്താനുള്ള ഉയർന്ന പരിധി കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം. നേരത്തെ പ്രഖ്യാപിച്ചിരുന്ന മൂന്ന് ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി കുറയ്ക്കാനാണ് നിർദേശം. ധനകാര്യബില്ലിൽ അവതരിപ്പിച്ച ഭേദഗതിയിലാണ് പുതിയ ശുപാർശ. 

ഫെബ്രുവരിയിൽ ബജറ്റിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കറൻസി ഇടപാട് നടത്താനുള്ള പരിധി മൂന്ന് ലക്ഷമാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ലക്ഷത്തിനുമേൽ പണം നേരിട്ട് കൈമാറി നടത്തുന്ന ഇടപാടുകൾ നിയമവിരുദ്ധമാക്കാനും ഇടപാടുകാർക്ക് ശിക്ഷ ലഭിക്കാനും തക്കവിധം നിയമനിർമ്മാണം നടത്തുമെന്നുമായിരുന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചത്. 


നോട്ടു നിരോധനത്തിന്‍റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായും കള്ളപ്പണം തടയുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമായും ആയിരുന്നു അത്. ഇതാണിപ്പോൾ രണ്ട് ലക്ഷമാക്കി ഗവൺമെന്‍റ് പുനർ നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ലക്ഷത്തിന് മുകളിൽ കറൻസി ഇടപാടുകൾ അനുവദിക്കില്ല. 


ധനകാര്യ ബില്ലിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള സർക്കാർ നീക്കത്തെ ടിഎംസി, ബിജെഡി, ആർഎസ്പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്തു. പിൻവാതിലിലൂടെ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K