18 March, 2017 12:27:59 PM
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി
ദില്ലി: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കടാതെ, 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മ്മിക്കാന്‍ റിസര്‍വ് ബാങ്കിന് അനുമതി നല്‍കിയെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രിയും ലോക്സഭയെ അറിയിച്ചു. രാജ്യത്തെ അഞ്ച് സ്ഥലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഡിസംബര്‍ പത്തുവരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കിലേക്ക് തിരിച്ചെത്തിയെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. 2017 മാര്‍ച്ച് മൂന്നിലെ കണക്കനുസരിച്ച് 12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുള്ളത്. ജനുവരി 27ന് ഇത് 9.21 ലക്ഷം കോടിയായിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഫലമായി ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നടപടി അഴിമതി തടയുന്നതിനും കള്ളപ്പണത്തിനുമെതിരായ സര്‍ക്കാരിന്‍റെ നീക്കമാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ഇതുവഴി തടയാന്‍ സാധിച്ചു. ജിഡിപി കൂടുതല്‍ വലുതാവുകയും ശുദ്ധീകരിക്കുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രശ്നങ്ങള്‍ മാറി കാര്യങ്ങള്‍ സാധാരണ ഗതിയില്‍ ആയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.