13 March, 2017 11:09:50 AM
പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ആർ.ബി.ഐ പിന്‍വലിച്ചു
ദില്ലി: ഇന്നു മുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആർ.ബി.ഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചു. ഇതോടെ നാലു മാസംനീണ്ട നിയന്ത്രണങ്ങൾക്കാണ് അവസാനമാകുന്നത്. അതേസമയം, പണംപിൻവലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകൾക്ക് തീരുമാനമെടുക്കാം.
ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന ഫെബ്രുവരി 20 മുതല്‍ തുക 24,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകക്കുള്ള നിയന്ത്രണവും, കറൻറ്, കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നേരത്തെ തന്നെ നീക്കിയിരുന്നു.
നോട്ട് പിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധികൾ അവസാനിക്കുന്ന സാഹചര്യത്തിൽ എല്ലാ നിയന്ത്രണവും പിൻവലിക്കുമെന്ന് കഴിഞ്ഞമാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമാണ് ആർ.ബി.ഐ പ്രഖ്യാപിച്ചത്.
കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ആർബിഐ കൊണ്ടുവന്നത്. പിൻവലിച്ചതിന് ആനുപാതിമായി പുതിയ നോട്ടുകൾ അച്ചടിക്കാൻ വൈകിയതായിരുന്നു കാരണം.