10 March, 2017 10:00:43 PM


ദില്ലിയിലെ എടിഎമ്മില്‍ നിന്ന് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട്



ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ എടിഎമ്മില്‍ നിന്ന് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ടുകള്‍ ലഭിച്ചതായി പരാതി. കുട്ടികളുടെ ബാങ്ക് പുറത്തിറക്കുന്നതായുള്ള (ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ) എന്ന പേരിലാണ് നോട്ടുകളാണ് ലഭിച്ചത്. തെക്കന്‍ ദില്ലിയിലെ അമര്‍ കോളനിയിലെ സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ചന്ദന്‍ എന്ന ആളിനാണ് നോട്ട് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പുതിയ 2000 നോട്ടുമായി  നിറത്തിലോ രൂപത്തിലോ യാതൊരു വ്യത്യാസവും ഇല്ലാത്ത നോട്ടുകളാണ് ഇവ. നേരത്തെ ഫെബ്രുവരി ആറിന് ദില്ലിയിലെ സംഗം വിഹാറിലെ എസ്ബിഐ എടിഎമ്മില്‍ നിന്നും ഇതേ രീതിയില്‍ പ്രിന്റ് ചെയ്ത 2000 രൂപയുടെ വ്യാജനോട്ടുകള്‍ ലഭിച്ചിരുന്നു. അന്നത്തെ സംഭവത്തില്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്. കുട്ടികളുടെ സര്‍ക്കാര്‍ ഉറപ്പുതരുന്ന പണം എന്നും വിശേഷിപ്പിച്ചിരിക്കുന്നു. മോഷ്ടിക്കാവുന്നത് എന്ന അറിയിപ്പുള്ള നോട്ടുകളുടെ സീരിയല്‍ നമ്പര്‍ പൂജ്യം ആണ്. ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ് നോട്ടില്‍ ഇല്ല. ആര്‍ബിഐ ലോഗോയ്ക്ക് പകരം പികെ ലോഗോയാണ് നല്‍കിയിരിക്കുന്നത്.  ഇങ്ങനെ നോട്ടിന്റെ പത്ത് അടയാളങ്ങളില്‍ പരിഹാസം കലര്‍ന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K