16 February, 2017 06:27:12 AM
എസ്ബിടി - എസ്ബിഐ ലയനത്തിന് കാബിനറ്റിന്റെ അന്തിമ അംഗീകാരം
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഏറ്റെടുക്കുന്നതിനു കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇതിനായുള്ള നിയമനിർമാണത്തിനും അംഗീകാരം നൽകി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ സബ്സിഡിയറി ബാങ്കുകളാണ് എസ്ബിടിയോടൊപ്പം എസ്ബിഐയിൽ ലയിക്കുക. ബാങ്ക് ലയനത്തിനു നേരത്തേ കാബിനറ്റ് താത്വിക അംഗീകാരം നൽകിയിരുന്നു. പിന്നീടു ബന്ധപ്പെട്ട ഡയറക്ടർ ബോർഡുകൾ അംഗീകാരം നൽകി. തുടർന്നാണ് ഈ അന്തിമ അനുമതി. ഇതിനായി 1959-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (സബ്സിഡിയറി ബാങ്ക്സ്) നിയമം, 1956-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് നിയമം എന്നിവ റദ്ദാക്കും.
1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ 35ആം വകുപ്പ് പ്രകാരമാണു ലയനം. ലയനത്തോടെ വലിയ ആഗോള ബാങ്കുകളുടെ നിരയിൽ സ്ഥാനംപിടിക്കാൻ എസ്ബിഐക്കു കഴിയുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു. 2008-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയെയും 2010-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറിനെയും എസ്ബിഐയിൽ ലയിപ്പിച്ചിരുന്നു. ഭാരതീയ മഹിളാബാങ്കിനെ എസ്ബിഐയിൽ ലയിപ്പിക്കുന്നതു പിന്നീടേ നടത്തൂ. ആയിരംകോടി രൂപയുടെ ആവർത്തനച്ചെലവുകൾ ലയനംവഴി ലാഭിക്കാമെന്നു മന്ത്രി ജയ്റ്റ്ലി പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ (എസ്ബിടി) 10 ഓഹരിക്ക് എസ്ബിഐയുടെ 22 ഓഹരി വീതം നൽകിയാണു ലയനം. എസ്ബിഐ ഓഹരി ഇന്നലെ 268.65 രൂപ വിലയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ക്ലോസ് ചെയ്തത്. എസ്ബിടിയുടേത് 559.95 രൂപയിലും. എസ്ബിഐ ഓഹരിയുടെ മുഖവില ഒരുരൂപയും എസ്ബിടിയുടേത് 10 രൂപയുമാണ്. 5599.95 രൂപയുടെ എസ്ബിടി ഓഹരികൾ നൽകുന്പോൾ 5910.3 രൂപയുടെ എസ്ബിഐ ഓഹരികൾ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂരിന്റെ പത്ത് ഓഹരിക്ക് 28-ഉം സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ 10 ഓഹരിക്ക് 22-ഉം എസ്ബിഐ ഓഹരികൾ ലഭിക്കും. പാട്യാലയുടെയും ഹൈദരാബാദിന്റെയും മുഴുവൻ ഓഹരികളും എസ്ബിഐയുടേതാണ്.