15 February, 2017 07:29:02 PM


അനെര്‍ട്ട് സൗരവൈദ്യുതി നിലയം: രജിസ്‌ട്രേഷന്‍ സമാപിക്കുന്നു

കോട്ടയം: അനെര്‍ട്ട് ആരംഭിച്ചിട്ടുളള മേല്‍ക്കൂര സൗരവൈദ്യുതി നിലയ പദ്ധതിക്കു കീഴില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 11.4 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുളള രജിസ്‌ട്രേഷന് വ്യാഴാഴ്ച  കൂടി അവസരം. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സോളാര്‍ കണക്റ്റ്,  വൈദ്യുതശൃംഖലയുമായി ബന്ധപ്പിക്കാത്ത സോളാര്‍ സ്മാര്‍ട്ട് എന്നിവ സ്ഥാപിക്കാനുളള അവസരമാണ് ഗാര്‍ഹിക-വ്യവസായിക ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 

സോളാര്‍ കണക്റ്റ് പദ്ധതിയില്‍ ഒരു കിലോവാട്ടിന് എകദേശം 70,000 രൂപ ചെലവ് വരും. ഇതില്‍ രണ്ട് കിലോ വാട്ട് മുതല്‍ 100 കിലോവാട്ട് വരെ ശേഷിയുളള സൗരനിലയങ്ങള്‍ സ്ഥാപിക്കാം. ഒരു കിലോവാട്ടിന് 29,700 രൂപ സര്‍ക്കാര്‍ ധനസഹായം ലഭിക്കും. സോളാര്‍ സ്മാര്‍ട്ട് പദ്ധതിയില്‍ ഒരു കിലോവാട്ട് മുതല്‍ അഞ്ച് കിലോവാട്ട് വരെ ശേഷിയുളള സൗരനിലയങ്ങളാണ് സ്ഥാപിക്കുക. ഇതിന് ഒരു കിലോവാട്ടിന് 1,50,000 രൂപയോളം ചെലവ് വരും. കിലോവാട്ടിന് 67,500 രൂപ സര്‍ക്കാര്‍ ധനസഹായം ലഭിക്കും. വീടുകള്‍ക്ക് മൂന്ന് കിലോവാട്ട് വരെയും സ്ഥാപനങ്ങള്‍ക്ക് അഞ്ച് കിലോവാട്ട് വരെയുമാണ് പരിധി. 

താത്പര്യമുളളവര്‍ തിരിച്ചറിയല്‍/ആധാര്‍ കാര്‍ഡ് സഹിതം അനെര്‍ട്ടിന്റെ കോട്ടയം കളത്തിപ്പടിയിലുളള ജില്ലാ ഓഫീസില്‍ ഇന്നുതന്നെ (16-2-2017) നേരിട്ടെത്തി നിശ്ചിത ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. സോളാര്‍ കണക്റ്റിന് 2,000 രൂപയും സോളാര്‍ സ്മാര്‍ട്ടിന് 1000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ജില്ലക്കനുവദിച്ച 723 കിലോ വാട്ട് സിസ്റ്റം ആദ്യം ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും അനുവദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2575007



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K