08 February, 2017 03:30:06 PM
മാർച്ച് 13 മുതൽ ബാങ്കില്‍ നിന്നും പണം പിൻവലിക്കുന്നതിന് നിയന്ത്രണമില്ല
ദില്ലി: മാർച്ച് 13 മുതൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന് റിസർവ് ബാങ്ക്. രണ്ട് ഘട്ടമായിട്ടാവും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തു കളയുക. ഇതിൽ ആദ്യഘട്ടമായി ഫെബ്രുവരി 20 മുതൽ ഒരാഴ്ച സേവിങസ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക 24,000 രൂപയിൽ നിന്ന് 50,000 രൂപയായി വർധിപ്പിക്കും. രണ്ടാം ഘട്ടമായി മാർച്ച് 13 മുതൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കും.
നോട്ട് പിൻവലിക്കൽ മൂലം താൽകാലികമായി സമ്പദ്വ്യവസ്ഥയിൽ മാന്ദ്യമുണ്ടായതായും റിസർവ് ബാങ്ക് പറഞ്ഞു. നേരത്തെ ഫെബ്രുവരി ഒന്നുമുതൽ തന്നെ കറൻറ് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ റിസർവ് ബാങ്ക് ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണം പിൻവലിക്കലിന് കൂടുതൽ ഇളവുകൾ റിസർവ് ബാങ്ക് നൽകുന്നത്.
റിസർവ് ബാങ്കിെൻറ വായ്പനയവും ഇന്ന് പ്രഖ്യാപിച്ചു. പുതിയ വായ്പ നയത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. ഇൗ സാമ്പത്തിക വർഷത്തിൽ രണ്ട് തവണ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവ് വരുത്തിയിരുന്നു. ഇതിന് ശേഷമാണ് നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചിരിക്കുന്നത്.