18 January, 2016 12:20:56 PM
ക്രൂഡ് ഓയിലിന് വില വീണ്ടും 28 ഡോളറിന് താഴെയെത്തി
മുംബൈ: ഉപരോധം അവസാനിച്ച് ഇറാന്‍ അന്താരാഷ്ട്ര എണ്ണവിപണിയില്‍ തിരിച്ചെത്തിയതോടെ എണ്ണവില ബാരലിന് രണ്ട് ഡോളര്‍ കുറഞ്ഞ് 28 ഡോളറിനു താഴെയെത്തി. ക്രമമായി താഴ്ന്നു വരുന്ന എണ്ണവിലയില്‍ രണ്ടു ദിവസത്തിനകമാണ് രണ്ടു ഡോളര്‍ കുറഞ്ഞത്.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് ഇറാന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എണ്ണ വിലയില്‍ ഇടിവുണ്ടായിരുന്നു. ഉപരോധം നീങ്ങിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അംസ്‌കൃത എണ്ണവാങ്ങാം.
ആണവായുധ നിര്‍മാണത്തിന്‍റെ പേരില്‍ ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങളാണ് അമേരിയും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.
ഉപരോധകാലത്ത് ദിവസം 11 ലക്ഷം വീപ്പ എണ്ണ കയറ്റി അയച്ചിരുന്ന ഇറാന്, ഇനി അഞ്ചുലക്ഷം വീപ്പ കയറ്റുമതിചെയ്യാനാവും. വൈകാതെ മറ്റൊരു അഞ്ചുലക്ഷം വീപ്പ കൂടി കയറ്റുമതി ചെയ്യുകയെന്നതാണ് ലക്ഷ്യം. 2003 നവംബറിലാണ് എണ്ണയ്ക്ക് ഈ വില ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.