16 January, 2016 10:16:53 PM
ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന 'സ്റ്റാർട്ട് അപ് ഇന്ത്യ' പദ്ധതിക്ക് തുടക്കമായി
ദില്ലി : ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന 'സ്റ്റാർട്ട് അപ് ഇന്ത്യ' പദ്ധതിക്ക് തുടക്കമായി. വൈകിട്ട് നടന്ന ചടങ്ങിൽ പദ്ധതിയുടെ കർമ്മരേഖ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കി. കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതായിരുന്നു സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി.
സ്റ്റാർട്ട് അപ് സംരംഭകർക്കായി പതിനായിരം കോടി രൂപയുടെ ഫണ്ട് സൃഷ്ടിക്കുമെന്നു് പ്രധാനമന്ത്രി അറിയിച്ചു. സ്റ്റാർട്ട് അപ്പുകൾക്ക് പേറ്റന്റ് ഫീസിൽ 80 ശതമാനം ഇളവ് നൽകും. സ്റ്റാർട്ട് അപ് കമ്പനികളെ ആദ്യത്തെ മൂന്ന് വർഷം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ചടങ്ങിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമനും വിവിധ കമ്പനി തലവൻമാരും പങ്കെടുത്തു. 1991 മുതലുള്ള ലൈസൻസ്‌രാജ് സമ്പ്രദായം അവസാനിപ്പിച്ച്, രാജ്യത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. പരമ്പരാഗത രീതികളെ മാറ്റിമറിക്കുകയാണ് സ്റ്റാർട്ട് അപ് ഇന്ത്യയിലൂടെ ലക്ഷ്യമിടുന്നത്. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ലോക സമ്പദ്‌വ്യവസ്ഥ തകർച്ച നേരിടുമ്പോഴും ഇന്ത്യ സാമ്പത്തികമായി വളരുകയാണ്. കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുകയെന്നത് സർക്കാർ നയമാണെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.