11 January, 2017 02:22:12 PM
നോട്ട് പിൻവലിക്കൽ: ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക് കുറയുമെന്ന് ലോകബാങ്ക്
ന്യൂയോർക്ക്: ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിച്ചത് മൂലം 2016ൽ ഇന്ത്യയുടെ വളർച്ച നിരക്ക് മന്ദഗതിയിലാണെന്ന് ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. നോട്ട് പിൻവലിക്കലിനെ തുടർന്ന് ആഭ്യന്തര ഉൽപാദന വളർച്ച നിരക്ക് 7.6 ശതമാനത്തിൽ നിന്ന് 7 ശതമാനമായാണ് നിരക്ക് കുറച്ചിരിക്കുന്നത്.
നോട്ട് പിൻവലിക്കലിന് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടാണ് ലോകബാങ്ക് പുറത്ത് വിടുന്നത്. ചില അനുകൂല ഘടകങ്ങളുണ്ടെങ്കിലും നോട്ട് പിൻവലിക്കലിനെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ മൂലം 2017 മാർച്ച് വരെ രാജ്യത്തിെൻറ ജി.ഡി.പി വളർച്ച 7 ശതമാനത്തിൽ തന്നെ തുടരുമെന്നും റിസർവ് ബാങ്കിെൻറ റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷത്തിന്‍റെ ആദ്യ പാദങ്ങളിൽ ഇന്ത്യയിൽ മികച്ച സാമ്പത്തിക വളർച്ച ഉണ്ടായിരുന്നു. കാർഷിക മേഖലയിലും ഗ്രാമീണ മേഖലയിലും പുരോഗതി ഉണ്ടായി. എന്നാൽ നവംബറിലെ നോട്ട് പിൻവലിക്കലാണ് കാര്യങ്ങൾ തകിടം മറിച്ചതെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പരാമർശമുണ്ട്.
എന്നാൽ വരും വർഷങ്ങളിൽ രാജ്യത്തെ വളർച്ച നിരക്ക് കൂടുമെന്നും ലോകബാങ്ക് പറയുന്നു. വ്യവസായങ്ങൾ തുടങ്ങാനുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണം. ഇതിനായി അടിസ്ഥാന സൗകര്യ മേഖലയിൽ വികസമുണ്ടാക്കണമെന്നും ലോകബാങ്ക് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ ഇതിനായി ഉപയോഗപ്പെടുത്താം. നോട്ട് പിൻവലിക്കൽ മൂലം ബാങ്കുകളിൽ വൻതോതിൽ നിക്ഷേപമെത്തുകയും അത് ബാങ്കുകളിലെ പലിശ നിരക്കുകൾ കുറയുന്നതിന് കാരണമാവുമെന്നും ലോകബാങ്ക് റിപ്പോർട്ടിലുണ്ട്.