05 January, 2017 10:02:37 AM
അസാധു നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി കണക്കുകൾ
ദില്ലി: സർക്കാർ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി കണക്കുകൾ. എൻഡിടിവിയാണ് ഇത് സംബന്ധിച്ച പഠനഫലം പുറത്ത് വിട്ടത്. കള്ളപണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നവംബർ എട്ടിന് 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്.
ഡിസംബർ 30 വരെയുള്ള കണക്കനുസരിച്ച് 97 ശതമാനം അസാധു നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി. 5 ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും ബാങ്കുകളിൽ തിരിച്ചെത്തില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കിയത്. അസാധുനോട്ടുകളിൽ എത്രത്തോളം തിരിച്ചെത്തി എന്ന ചോദ്യത്തിന് പൂർണമായ കണക്കുകൾ തെൻറ കൈവശമില്ലെന്ന മറുപടിയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയത്.
ഡിസംബർ 10 വരെയുള്ള കണക്കുകളനുസരിച്ച് 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് പറഞ്ഞിരുന്നു. നോട്ട് മാറ്റിവാങ്ങാനുള്ള സമയം പൂർണമായി അവസാനിക്കുന്നതിന് മുമ്പ് തന്നെ 97 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വിദേശ ഇന്ത്യക്കാർക്ക് നോട്ടുമാറ്റാൻ സർക്കാർ അധിക സമയം അനുവദിച്ചിട്ടുമുണ്ട്. ഇൗ നോട്ടുകൾ കൂടി ബാങ്കിലെത്തുന്നതോടെ ഭൂരിപക്ഷം അസാധു നോട്ടുകളും തിരിച്ചെത്തും.