30 December, 2016 11:21:09 AM
അസാധു നോട്ട് നിക്ഷേപത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ദില്ലി: അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ റിസര്‍വ് ബാങ്കുകളില്‍ മാത്രമായിരിക്കും നോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിക്കുക. നിക്ഷേപത്തിന് താമസിച്ചതിനുള്ള കാരണവും റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടി വരും. കാരണം തൃപ്തികരമല്ലെങ്കില്‍ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പരിധി കഴിഞ്ഞിട്ടും അസാധുവാക്കിയ നോട്ടുകള്‍ കൈവശം വെക്കുന്നവരില്‍ നിന്നും പിഴ ശിക്ഷ ഈടാക്കാനും ധനമന്ത്രാലയം തീരുമാനിച്ചു.
നാളെ വൈകീട്ട് നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നോട്ട് അസാധുവാക്കല്‍ ആയി ബന്ധപ്പെട്ട് ചില പ്രത്രേക ഇളവുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നോട്ട് അസാധുവാക്കലിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ 8 മുതല്‍ പണ ഇടപാടുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പഴയ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനുള്ള പുതിയ ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ രാഷ്ട്രപതിയുടെ അടുത്ത് എത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഡിസംബര്‍ 31 മുതല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി ഒരു ദിവസത്തിനു ശേഷമാണ് ഇപ്പോഴത്തെ ഉത്തരവ് പുറത്തു വരുന്നത്. 2017 മാര്‍ച്ച് 31ന് ശേഷം അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ കൈവശം വക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുമെന്നായിരുന്നു ഓര്‍ഡിനന്‍സില്‍ ഉണ്ടായിരുന്നത്. ഈ ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ നേരത്തേ രംഗത്തു വന്നിരുന്നു.
നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്ന പ്രതിപക്ഷം അഴിമതിക്കാരേയും കള്ളപ്പണക്കാരേയും രക്ഷപ്പെടുത്താനാണ് ഒറ്റക്കെട്ടായി ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ഇന്നലെ ആരോപിച്ചു. നോട്ട് നിരോധനത്തെ ഗുരുതരമായ വീഴ്ച്ചയെന്നും ആസൂത്രിതമായ കൊള്ളയെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചിരുന്നു. മന്‍മോഹന്‍ സിംഗ് തന്‍റെ ഭരണകാലത്തെ അഴിമതിയെക്കുറിച്ചായിരിക്കാം പറഞ്ഞതെന്നും മോദി അഭിപ്രായപ്പെട്ടു.