27 December, 2016 11:42:18 AM
അസാധുവാക്കിയ നോട്ട് കൈവശം വയ്ക്കുന്നത് കുറ്റകരമാക്കും
ദില്ലി : 10,000 രൂപയില്‍ കൂടുതല്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30നു ശേഷം കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും ശിക്ഷാര്‍ഹമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. ഇപ്പോള്‍ ആലോചനയിലുള്ള ഈ ഓര്‍ഡിനന്‍സ് പ്രകാരം കൂടുതല്‍ പഴയ നോട്ട് കൈവശം വച്ചാല്‍ പിടിക്കപ്പെടുന്ന പണത്തിന്റെ അഞ്ചിരട്ടിയോ അതല്ലെങ്കില്‍ 50000 രൂപയോ പിഴയൊടുക്കണം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കൌണ്ടറുകളില്‍ പഴയ നോട്ട് മാറാമെന്നായിരുന്നു. ഇതിനു വിരുദ്ധമാണ് പുതിയ ഓര്‍ഡിനന്‍സ്.
റിസര്‍വ് ബാങ്കില്‍ പഴയ നോട്ട് കൈമാറാന്‍ മാര്‍ച്ച് 31 വരെ സമയം നിലനില്‍ക്കെ പണപ്രവാഹം തടയാനാണ് ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണെങ്കില്‍ കറന്‍സി അസാധുവാക്കലിനു ശേഷം പണമിടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്രം കൊണ്ടുവരുന്ന 65-ാം ഭേദഗതിയായിരിക്കും. 14 ലക്ഷം കോടിയിലധികം രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ കണക്ക് പുറത്തുവിടാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല.
കറന്‍സി അസാധുവാക്കലിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്യും. നിതി ആയോഗാണ് യോഗം വിളിച്ചത്. നിതി ആയോഗ് തയ്യാറാക്കിയ 15 വര്‍ഷത്തേക്കുള്ള വീക്ഷണരേഖ ചര്‍ച്ച ചെയ്യുകയാണ് മുഖ്യ അജന്‍ഡ. വിവേക് ദഹെജിയ (കാള്‍ട്ടണ്‍ സര്‍വകലാശാലാ സാമ്പത്തിക പ്രൊഫസര്‍), രതിന്‍ റോയ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് പോളിസി ഡയറക്ടര്‍), നീല്‍കാന്ത് മിശ്ര (ക്രെഡിറ്റ് സുയിസ് എംഡി), സുര്‍ജിത്ഭല്ല (ഒക്സസ് ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍) നിതി ആയോഗ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.