22 December, 2016 12:51:08 PM
അമിത് ഷാ അധ്യക്ഷനായ സഹകരണ ബാങ്കില്‍ 3 ദിവസം കൊണ്ട് നിക്ഷേപിക്കപ്പെട്ടത് 500 കോടി
അഹ്മദാബാദ്: ബി .ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500 കോടി രൂപ. ബാങ്കില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. നോട്ട് നിരോധനത്തിന് ശേഷം ബാങ്കില്‍ വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
190 ശാഖകളുള്ള ബാങ്കിന്‍റെ അഹ്‍മദാബാദ് റോഡിലുള്ള കേന്ദ്ര ശാഖയിലാണ് വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇവിടെ മാത്രം 500 കോടി രൂപയുടെ നിക്ഷേപം നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നോട്ട് നിരോധിച്ച നവംബര്‍ എട്ടിന് രാത്രിയാണ് വലിയ നിക്ഷേപം ബാങ്കില്‍ സ്വീകരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുകിട വ്യാപാരികളും കര്‍ഷകരും അംഗങ്ങളായിട്ടുള്ള ബാങ്കില്‍ ഇത്രയധികം പണം കുറഞ്ഞ ദിവസങ്ങള്‍ക്കകം എങ്ങനെ എത്തിയെന്നാണ് അധികൃതര്‍ പരിശോധിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ ഒന്നൊഴികെ എല്ലാം ബി.ജി.പിയുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളില്‍ വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെട്ടെന്ന് പരാതികളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി അധ്യക്ഷനായ സഹകരണ ബാങ്കിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 200 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു.