21 December, 2016 12:40:59 PM
5,000 രൂപയില്‍ കൂടുതല്‍ നിക്ഷേപം ബാങ്കുകള്‍ സ്വീകരിക്കുന്നില്ല
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ബാങ്ക് ശാഖകളില്‍ ഇത്തരത്തില്‍ നിക്ഷേപം സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം അനുസരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പല ബാങ്കുകളെയും ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
5,000ല്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ വരുന്ന ആളോട് കുറഞ്ഞത് രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സന്നിദ്ധ്യത്തില്‍ നിക്ഷേപം വൈകാനിടയായ സാഹചര്യത്തെക്കുറിച്ച് രേഖാമൂലം തൃപ്തികരമായ വിശദീകരണം ചോദിക്കണമെന്നാണ് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം. ചെറിയ ശാഖകളില്‍ മാനേജര്‍ മാത്രമായിരിക്കും ഓഫീസറായി ഉണ്ടാകുക. ബാക്കിയുള്ളവര്‍ ക്ലറിക്കല്‍ ജീവനക്കാരായിരിക്കും. മാത്രമല്ല, തൃപ്തികരമായ വിശദീകരണം എന്ന നിബന്ധന പിന്നീട് തങ്ങള്‍ക്ക് പ്രശ്‌നമായി തീരുമോയെന്നും ഉദ്യോഗസ്ഥര്‍ ഭയക്കുന്നു.
ഒറ്റത്തവണ എത്ര തുക നിക്ഷേപിക്കുന്നതിനും തടസ്സമുണ്ടാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും ആദ്യ നിര്‍ദ്ദേശത്തില്‍ ഭേദഗതികള്‍ വരുത്തി, രേഖാമൂലം അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബാങ്ക് ജീവനക്കാര്‍.