20 December, 2016 05:16:32 PM
ചെറുകിട വ്യാപാരികൾക്ക് ഡിജിറ്റൽ ഇടപാടിന് കൂടുതൽ ഇളവ് നൽകുമെന്ന് അരുൺ ജെയ്റ്റ്ലി
ദില്ലി: രണ്ട് കോടി രൂപ വരെ നീക്കിയിരിപ്പുള്ള വ്യാപാരികളും സ്ഥാപനങ്ങളും പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയാൽ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. 5,000 രൂപയിൽ അധികമുള്ള പഴയ നോട്ടുകൾ ഡിസംബര്‍ 30ന് മുമ്പ് ഒരു തവണ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. പലതവണയായി നിക്ഷേപിക്കുന്നവര്‍ മാത്രമേ വിശദീകരണം നൽകേണ്ടതുള്ളൂവെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ പത്തുദിവസം മാത്രം ശേഷിക്കേയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. 5000 രൂപയിൽ അധികമുള്ള പഴയ നോട്ട് നിക്ഷേപിക്കാന്‍ വൈകിയതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്.
ഒറ്റത്തവണയായി എത്ര രൂപ നിക്ഷേപിച്ചാലും ഒരു ചോദ്യവും നേരിടേണ്ടിവരില്ല. പക്ഷേ ഒരാള്‍ പല ദിവസങ്ങളിലായി തുക നിക്ഷേപിക്കുന്നത് സംശയാസ്പദമാണെന്നും എല്ലാവരും കൈയിലുള്ള അസാധു നോട്ടുകള്‍ ഒന്നിച്ച് നിക്ഷേപിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു.