20 December, 2016 04:53:58 PM


ഗുജറാത്തില്‍ മുന്‍ ചായ കച്ചവടക്കാരന് 650 കോടിയുടെ അനധികൃത സമ്പാദ്യം



സൂറത്ത് : ചായ കച്ചവടക്കാരനില്‍നിന്ന് പണമിടപാടുകാരനായി മാറിയ ഗുജറാത്ത് സ്വദേശിയില്‍നിന്ന് 650 കോടി രൂപയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തു. സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഷോര്‍ ഭാജിയാവാലയില്‍നിന്നാണ് ആദായനികുതി വകുപ്പ് കണക്കില്‍പ്പെടാത്ത സമ്പാദ്യം കണ്ടെത്തിയത്. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ് കിഷോര്‍ ഭാജിയാവാല എന്നാണ് റിപ്പോര്‍ട്ടുകള്‍.


മുതിര്‍ന്ന ബിജെപി നേതാക്കളുമൊത്തുള്ള ഭാജിയാവാലയുടെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റും ഗുജറാത്തിന്റെ ചുമതലയുമുണ്ടായിരുന്ന ഓം മാതൂര്‍, വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ, ഗുജറാത്ത് ഗവര്‍ണര്‍ ഒ പി കോഹ്ലി തുടങ്ങിയവര്‍ക്കൊപ്പമുള്ള ഭാജിയാവാലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.


ഭാജിയാവാലയും മകന്‍ ജിതേന്ദ്രയും മിക്ക ചിത്രങ്ങളിലും  ബിജെപി ചിഹ്നം പതിച്ച ഷാളുകള്‍ അണിഞ്ഞാണ് നില്‍ക്കുന്നത്. എന്നാല്‍, ഭാജിയാവാലയുമായി ഒരു ബന്ധവുമില്ലെന്ന് രൂപാല പ്രസ്താവനയിറക്കി.


50 കിലോയില്‍ അധികം വെള്ളി, 1.39 കോടി രൂപ മൂല്യമുള്ള രത്നങ്ങള്‍, 6.2 കോടി രൂപ, നിരവധി കിലോ സ്വര്‍ണം തുടങ്ങിയവയാണ് കണ്ടെത്തിയത്. ഭാജിയാവാലയുടെയും കുടുംബത്തിന്‍റെയും ബന്ധുക്കളുടെയും പേരിലുള്ള ലോക്കറുകളില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതുവരെ 650 കോടി രൂപ മൂല്യം വരുന്ന വസ്തുക്കളാണ് കണ്ടെത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


നോട്ട് അസാധുവാക്കിയതിനു പിന്നാലെ ഭാജിയാവാല ഒരു കോടി രൂപ നിക്ഷേപം നടത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 40ല്‍ അധികം ബാങ്ക് അക്കൌണ്ടുകളുണ്ട്. ഈ അക്കൌണ്ടുകളും പരിശോധിക്കുന്നതോടെ കുടുതല്‍ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നേക്കും. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K