13 December, 2016 02:34:10 PM
നോട്ട് പിൻവലിക്കൽ: സർക്കാരിന് 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാകും– കെ.വി.കമ്മത്ത്
മുംബൈ: നോട്ട് പിൻവലിക്കൽ തീരുമാനം മൂലം സർക്കാരിന് ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാവുമെന്ന് മുൻ എെ.സി.എെ.സി.എെ ചെയർമാൻ കെ.വി.കമ്മത്ത്. സർക്കാരിന് നികുതി ഇനത്തിലുള്ള വരുമാനം വർധിക്കും. പൊതുമേഖല ബാങ്കുകളിൽ വൻതോതിൽ മൂലധന നിക്ഷേപമുണ്ടാകും. കുറഞ്ഞ കാലയളവിൽ പലിശനിരക്കുകളിൽ കുറവുണ്ടാകും . ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപിക്കും. ഇതൊക്കെയാണ് നോട്ട് പിൻവലിക്കൽ തീരുമാനം കൊണ്ടുണ്ടാവുന്ന മറ്റ് നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ട് പിൻവലിക്കൽ വിഷയത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയില്ല എന്നതിന്‍റെ പേരിൽ പലരും സർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട് എന്നാൽ ഇത് അതീവ രഹസ്യമായ നീക്കമാണ് കുറച്ച് പേർക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുണ്ടാകുകയുള്ളു. ശക്തനായ ഭരണാധികാരിക്ക് മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടാവുകയുള്ളു എന്നും ഇക്കണോമിക്സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ കമ്മത്ത് ചൂണ്ടിക്കാട്ടി.
ക്ഷമയോടെ കാത്തിരുന്നാൽ നല്ല സ്ഥിതി കൈവരുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. പിൻവലിച്ച പഴയ നോട്ടുകളിൽ കൂടുതലും തിരിച്ചെത്തിയതിന്‍റെ പേരിൽ നോട്ട് പിൻവലിക്കൽ തീരുമാനം പരാജയമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇത് വരെയായിട്ടും വെളിപ്പെടുത്താത്ത പണവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതിന്‍റെ നികുതിയായി ഏകദേശം 2.5 ലക്ഷം കോടി രൂപ സർക്കാരിന് ലഭിക്കുമെന്നും കമ്മത്ത് പറഞ്ഞു.