13 December, 2016 12:25:59 PM
പണമില്ലാത്തതിനാല്‍ കേളകം ഫെഡറൽ ബാങ്ക് ശാഖയിൽ സംഘർഷം
കണ്ണൂർ: കേളകം ഫെഡറൽ ബാങ്ക് ശാഖയിൽ പണമില്ലാത്തതിെന തുടർന്ന് സംഘർഷം. മൂന്നു ദിവസത്തെ അവധിക്ക് ശേഷം ബാങ്ക് തുറന്നപ്പോൾ പണമില്ലെന്ന ബോർഡ് വച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. രാവിലെ ആറുമണി മുതൽ ബാങ്കിനു മുന്നിൽ പണത്തിനുവേണ്ടി കാത്തു നിൽക്കുന്നവർ പണമില്ലെന്നറിഞ്ഞതോടെ പ്രകോപിതരാവുകയായിരുന്നു.
നാട്ടുകാർ ബാങ്ക് ജീവനക്കാരെ തടയുകയും പണം ലഭ്യമാക്കിയതിനു ശേഷം ബാങ്ക് തുറന്നാൽ മതിയെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് കേളകം പൊലീസും രാഷ്ട്രീയ പ്രതിനിധികളും സ്ഥലത്തെത്തി ബാങ്ക് അധികൃതരും നാട്ടുകാരുമായി ചർച്ച നടത്തി. ചർച്ചയിൽ ഇന്ന് ക്യൂ നിന്നവർക്കെല്ലാം ടോക്കൺ നൽകാൻ തീരുമാനമായി.
ഇന്ന് വൈകീട്ടോടുകൂടി പണമെത്തുമെന്നും ഇന്ന് ടോക്കൺ വാങ്ങിയവർക്ക് നാളെ ആദ്യം പണം നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് നാട്ടുകൾ ടോക്കൺ സ്വീകരിച്ച് മടങ്ങി. പ്രദേശത്ത് മറ്റ് ബാങ്ക് ശാഖകൾ കുറവായതിനാൽ കൂടുതൽ ഇടപാടുകാർ ഇവിടെയുണ്ട്. അതിനാൽ കൂടുതൽ പണമെത്തിക്കാൻ ശ്രമിക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു. കോഴിക്കോട്ടെ ഹെഡ് ഒാഫീസിൽ നിന്നും കണ്ണൂരിലെത്തിച്ചു വേണം ബാങ്ക് ശാഖയിലേക്ക് പണമെത്താനെന്നും അധികൃതർ അറിയിച്ചു.