13 December, 2016 12:06:00 PM
നോട്ട് പിൻവലിക്കൽ: സർക്കാരിന് ജനപിന്തുണ കുറയുന്നതായി സർവേ ഫലം
ദില്ലി: നോട്ട് പിൻവലിക്കൽ സൃഷ്ടിച്ച പ്രശ്നങ്ങൾ സർക്കാരിന്‍റെ തീരുമാനങ്ങള്‍ക്ക് ജനപിന്തുണ കുറയുന്നതായി സർവേ ഫലം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച സർവേ ഫലം പുറത്ത് വന്നത്. സിറ്റിസൺ എൻഗേജ്മെൻറ് പ്ലാറ്റ്ഫോം എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. സർവേയിൽ മുമ്പ് നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോൾ സർക്കാരിന്‍റെ തീരുമാനത്തെ എതിർക്കുകയാണ്.
മൂന്നാഴ്ച മുമ്പ് ഇവർ നടത്തിയ സർവേയിൽ ഏകദേശം 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ പുതിയ സർവേയിൽ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു. ആറ് ശതമാനം പേരായിരുന്നു മുമ്പ് നടത്തിയ സർവേയിൽ നോട്ട് പിൻവലിക്കൽ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് അഭിപ്രായപ്പെട്ടത്. പുതിയ സർവേയിൽ ഇത് 25 ശതമാനമാണ്. ഇത്തരത്തിൽ നോട്ട് നിരോധന വിഷയത്തിൽ കൃത്യമായ നിലപാട് മാറ്റമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സർവേ ഫലം പറയുന്നു.
12 ലക്ഷം കോടി രൂപ മൂല്യം വരുന്ന പഴയ നോട്ടുകൾ ഇപ്പോൾ തന്നെ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ഇനിയും രണ്ടാഴ്ച സമയം ബാക്കിയുണ്ട്. ഇൗ സാഹചര്യത്തിൽ തീരുമാനം നടപ്പിലാക്കിയത് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും സർവേയിൽ പങ്കെടുത്തവർ ചോദിക്കുന്നു. പുതിയ നോട്ടുകൾ വൻതോതിൽ പിടിച്ചെടുത്തതും ബാങ്കുകൾ ഉൾപ്പടെയുള്ള പല സ്ഥാപനങ്ങളും സംശയത്തിന്‍റെ നിഴലിൽ വന്നതും ജനങ്ങൾക്ക് നോട്ട് പിൻവലിക്കൽ തീരുമാനത്തോടുള്ള വിശ്വാസ്യത തകരുന്നതിലേക്ക് നയിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നു.