07 December, 2016 04:07:59 PM
നോട്ട് നിരോധത്തിന് ശേഷമുള്ള ആദ്യ വായ്പാനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു
മുംബൈ: നോട്ട് നിരോധത്തിന് ശേഷമുള്ള ആദ്യ വായ്പാ നയം. വിലക്കയറ്റം കൂടുന്നത് നിയന്ത്രിക്കാൻ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിലനിർത്തിയ ആർ.ബി.എz നവംബർ 26 ന് ഏർപ്പെടുത്തിയ കരുതൽ ധന അനുപാതത്തിലെ(സി.ആർ.ആർ) വ്യവസ്ഥകൾ പിൻവലിച്ചു. വായ്പാ നയപ്രഖ്യാപനത്തെ തുടർന്ന് ഒാഹരി വിപണികൾ ഇടിഞ്ഞു.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്ക് ഇൗടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കാൽ ശതമാനമെങ്കിലും കുറയ്ക്കുമെന്നായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. നോട്ട് ലഭ്യത കുറഞ്ഞത് വളർച്ചാ നിരക്കിനെ ബാധിക്കുമെന്നതിനാൽ നിരക്കുകൾ കുറച്ച് പണ ലഭ്യത ഉറപ്പുവരുത്തുമെന്നായിരുന്നു വിപണയുടെ പ്രതീക്ഷ.
അതേസമയം 2016-17 സാമ്പത്തിക വർഷത്തിലെ മതിപ്പ് ജി.ഡി.പി വളർച്ചാ നിരക്ക് 7.1 ശതമാനമായി പുനർനിർണയിച്ചു. വളർച്ചാ നിരക്ക് അര ശതമാനമാണ് കുറച്ചത്. നേരത്തെ 7.6 ശതമാനം വളർച്ച നേടുമെന്നായിരുന്നു കണക്കുകൂട്ടൽ.