27 November, 2016 01:04:03 AM
തുടര്‍ച്ചയായ ബാങ്ക് അവധി, ഇടപാടുകള്‍ നടത്താനാവാതെ ജനം വീണ്ടും കുഴയുന്നു
കൊച്ചി: നോട്ടുകള്‍ അസാധുവാക്കിയതിനെ ചൊല്ലി വിവാദങ്ങള്‍ നിലനില്‍ക്കെ മൂന്ന് ദിവസം ബാങ്ക് അവധിയായത് ജനത്തിന് കൂനിന്മേല്‍ കുരുവെന്ന പോലായി. മാസത്തിലെ നാലാം ശനി ബാങ്കുകള്‍ക്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും. തിങ്കളാഴ്ച ഹര്‍ത്താലുമായതോടെ ഫലത്തില്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാടുകള്‍ സ്തംഭിക്കുക. ഹര്‍ത്താലില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം കുറവായിരിക്കും.
ബാങ്കുകള്‍ തിങ്കളാഴ്ച തുറന്നാലും യാത്രാസൗകര്യമില്ലാതാവുന്നതോടെ ജനത്തിന് എത്താനും ബുദ്ധിമുട്ടാവും. നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് ആദ്യ ആഴ്ചയില്‍ ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അധികസമയം ജീവനക്കാര്‍ ജോലിയുമെടുത്തിരുന്നു. ഹര്‍ത്താല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ത്തന്നെ തുടര്‍ച്ചയായ രണ്ട് അവധി വരുന്നതിനാല്‍ ജനത്തിന്‍െറ പ്രയാസമൊഴിവാക്കാന്‍ ഒരു മുന്‍കരുതലിനും അധികൃതര്‍ തയാറായിട്ടില്ല. അധികവേതനമോ പകരം അവധി നല്‍കിയോ ഒരുവിഭാഗം ജീവനക്കാരെയെങ്കിലും ജോലിക്കത്തെിച്ചിരുന്നെങ്കില്‍ ബുദ്ധിമുട്ട് കുറച്ചെങ്കിലും ഒഴിവാക്കാനായേനെ. ഇത്തരത്തില്‍ റിസര്‍വ് ബാങ്കിന്‍െറ ഭാഗത്തുനിന്നോ മറ്റ് ഉന്നത കേന്ദ്രങ്ങളില്‍നിന്നോ നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല.
ഭാഗികമായി പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍പോലും ശനിയാഴ്ച ഉച്ചയോടെ നിശ്ചലമായി. അവധി ദിവസങ്ങളില്‍ പണം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ ക്രമീകരണമേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇനി പണം കിട്ടണമെങ്കില്‍ കേരളത്തില്‍ ചൊവ്വാഴ്ചവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. നിലവില്‍ ഭൂരിപക്ഷം എ.ടി.എമ്മും പ്രവര്‍ത്തിക്കുന്നില്ല. ഇതിനിടെയാണ് രണ്ട് ദിവസത്തെ അവധിയുമത്തെുന്നത്. 500ന്‍െറ നോട്ടുകള്‍ എത്തിയതുമൂലം നോട്ടുനിറക്കല്‍ ശേഷി ഉയര്‍ന്നിട്ടുണ്ടെന്നും പിന്‍വലിക്കാനുള്ള നിയന്ത്രണം തുടരുന്നതിനാല്‍ എ.ടി.എമ്മുകള്‍ ഒഴിയില്ളെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. പഴയ 1000, 500 നോട്ടുകള്‍ നിറവിനിമയത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ 25 ലക്ഷം വരെ എ.ടി.എമ്മുകളില്‍ നിറക്കാമായിരുന്നു.