24 November, 2016 10:24:36 PM
ഇന്ത്യയുടെ പുതിയ 500, 2000 രൂപ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം
കാഠ്മണ്ഡു: ഇന്ത്യയുടെ പുതിയ 500, 2000 രൂപ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. നിലവിലുള്ള ഫോറിന്‍ എക്സചേഞ്ച് മാനേജ്മെന്റ് ആക്‌ട് പ്രകാരം നേപ്പാളില്‍ പുതിയ കറന്‍സി ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ഇല്ലാത്തതാണ് കാരണം. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന നേപ്പാളില്‍ ഇന്ത്യന്‍ കറന്‍സി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യ പുറത്തിറക്കിയ പുതിയ നോട്ടുകള്‍ മാറിയെടുക്കാനുള്ള സൗകര്യം നിലവില്‍ നിയമപരമായി നേപ്പാളിലില്ല. കറന്‍സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ പുതിയ കറന്‍സിയുടെ ഉപയോഗം നേപ്പാളില്‍ നിയമവിരുദ്ധമായി മാറും.
നേപ്പാല്‍ വഴി കറന്‍സി മാറ്റത്തിന് അനുമതി നല്‍കുന്നത് കള്ളപ്പണം വന്‍തോതില്‍ വെളുപ്പിച്ചെടുക്കുന്നതിന് അവസരമൊരുങ്ങുമെന്നതിനാല്‍ ആര്‍ബിഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നേപ്പാളില്‍ ഒരാള്‍ക്ക് 25,000 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ആര്‍ബിഐ പുതിയ വിജ്ഞാപനം പുറത്തിറക്കുന്നതു വരെ പുതിയ കറന്‍സികള്‍ നേപ്പാളില്‍ ഉപയോഗിക്കാനാവില്ലെന്നും പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സംവിധാനത്തിന്‍റെ കാര്യത്തില്‍ തീരുമാനമാകാതെ പ്രതിസന്ധി നീക്കാന്‍ സാധിക്കില്ല. നേപ്പാളില്‍ ജനങ്ങളുടെ കയ്യിലുള്ള അസാധുവാക്കിയ കറന്‍സികള്‍ മാറ്റിവാങ്ങാനുള്ള സൗകര്യമൊരുക്കാന്‍ ശ്രമം നടന്നു വരുന്നതായി നേപ്പാള്‍ രാഷ്ട്രബാങ്ക് കിഴക്കന്‍ മേഖല മേധാവി റാമു പൗഡേല്‍ പറഞ്ഞു.
നിലവില്‍ കറന്‍സികള്‍ നേപ്പാളിലെ ബാങ്കുകള്‍ വഴി സ്വീകരിക്കാന്‍ സാധിക്കില്ല. നോട്ട് മാറ്റം എംബസികള്‍ വഴിയോ ഏതെങ്കിലും ഇന്ത്യന്‍ ബാങ്കുകള്‍ വഴിയോ മാത്രമേ സാധിക്കു. നോട്ട് അസാധുവാക്കല്‍ നേപ്പാളിലെ വാണിജ്യരംഗത്തെയും കാര്യമായി ബാധിച്ചു. ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലുമടക്കം 336 ലക്ഷം വരുന്ന 1000, 500 രൂപ കറന്‍സികള്‍ നേപ്പാളിലുണ്ടെന്നാണ് നേപ്പാള്‍ ഗവണ്‍മെന്റിന്റെ കണക്ക്. എന്നാല്‍ നോപ്പാളിലുള്ള അസാധു നോട്ടുകളുടെ മൂല്യം ഇതിന്റെ പല മടങ്ങ് വരുമെന്നാണ് അനൗദ്യോഗിക കണക്ക്. പ്രതിസന്ധി മറികടക്കാന്‍ അപെക്സ് ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്ക് മാര്‍ഗരേഖ നിര്‍മിച്ചു വരികയാണ്.