24 November, 2016 09:55:26 AM
അസാധുവാക്കിയ നോട്ടുകൾ ഉപയോഗിക്കാനുള്ള ഇളവ് ഇന്ന് കൂടി മാത്രം
കൊച്ചി: അസാധുവാക്കിയ നോട്ടുകൾ അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കാൻ ആർ.ബി.ഐ നൽകിയ ഇളവ് ഇന്ന് അവസാനിക്കും. എടിഎമ്മുകളില്‍ ആവശ്യത്തിന് പണം ഇനിയും എത്താത്ത സാഹചര്യത്തില്‍ അസാധു നോട്ടുകൾ ഉപയോഗിക്കാനുള്ള പരിധി അവസാനിപ്പിക്കുന്നതോടുകൂടി ജനങ്ങളുടെ ദുരിതം വർധിക്കും.
ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളത്തിലെ കൗണ്ടറുകൾ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകൾ ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഇതാണ് ഇന്ന് അവസാനിക്കുന്നത്. ഇതോടു കൂടി അസാധുനോട്ടുകൾ പൂർണ്ണമായും വിപണിയിൽ നിന്ന് ഇല്ലാതാവും.
നവംബർ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനം പ്രഖ്യാപിച്ചത്. കള്ളനോട്ടും കള്ളപണവും തടയുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാൽ തീരുമാനം മൂലം രാജ്യത്ത് വൻതോതിൽ നോട്ട് ക്ഷാമം ഉണ്ടായി. ഇയൊരു പശ്ചാതലത്തിൽ കൂടിയാണ് അവശ്യ സേവനങ്ങൾക്ക് അസാധു നോട്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയത്.
അതേസമയം 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും നോട്ട് പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്‍െറ നോട്ടെത്തിയത്. മറ്റ് ബാങ്കുകളില്‍ വരും ദിവസങ്ങളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ അസാധുവാക്കിയ നോട്ടുകൾ ഡിസംബർ 31 വരെ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാൻ സാധിക്കും.