23 November, 2016 09:14:29 AM


500ന്‍െറ പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ ലഭ്യമായി തുടങ്ങി



തിരുവനന്തപുരം: 500ന്‍െറ പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ ലഭ്യമായിത്തുടങ്ങി. ഏതാനും എസ്.ബി.ഐ എ.ടി.എമ്മുകളില്‍ തിങ്കളാഴ്ച വൈകീട്ടോടെ 500ന്‍െറ നോട്ട് എത്തിയിരുന്നു. ബുധനാഴ്ച എസ്.ബി.ഐയുടെ ഭൂരിഭാഗം എ.ടി.എമ്മുകളിലൂടെയും എസ്.ബി.ടി എ.ടി.എമ്മുകളിലൂടെയും നോട്ടുകള്‍ ലഭിക്കും. റിസര്‍വ് ബാങ്ക് മേഖലാ കേന്ദ്രത്തിലത്തെിയ പുതിയ നോട്ടുകള്‍ ചൊവ്വാഴ്ച വൈകീട്ടോടെ ബാങ്കുകള്‍ക്ക് വിതരണം ചെയ്തു.


എസ്.ബി.ടിക്ക് മാത്രം 25 കോടിയുടെ 500രൂപ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പത്തുകോടിയുടെ 100 രൂപയടക്കം 40 കോടിയാണ് എസ്.ബി.ടിക്ക് ഇന്നലെ ആകെ കിട്ടിയത്. 500 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളിലൂടെ മാത്രം വിതരണം ചെയ്യാനാണ് തീരുമാനം. പഴയ 500 രൂപയുടെ നോട്ട് നിറച്ച അറയില്‍ തന്നെ ചെറിയമാറ്റങ്ങളോടെ പുതിയത് വെക്കാനാകും. ഇതോടെ ചില്ലറക്ഷാമത്തിനും 2000 മാറാനുള്ള നെട്ടോട്ടത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എസ്.ബി.ഐക്ക് 10 കോടിയുടെ 500 രൂപ നോട്ടുകളാണ് കഴിഞ്ഞദിവസം കൈമാറിയത്. നോട്ട് ക്ഷാമം പരിഹരിക്കാന്‍ രണ്ടാംഘട്ടമായി ഈ മാസം അവസാനം കൂടുതല്‍ 500ന്‍െറ നോട്ടുകളത്തെും.


500ന്‍െറ നോട്ടുകൂടി എത്തുന്നതോടെ ഇതിന് പരിഹാരമാകും. 150 കോടിയുടെ 500 രൂപ നോട്ടുകളും 100 കോടിയുടെ 100 രൂപ നോട്ടുകളുമാണ് റിസര്‍വ് മേഖലാകേന്ദ്രത്തില്‍ കഴിഞ്ഞദിവസമത്തെിയത്. നോട്ട്നിരോധനം വരുന്നതിനുമുമ്പ് 50 ലക്ഷം രൂപവരെ എ.ടി.എമ്മുകളില്‍ നിറക്കാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ നൂറിന്‍െറ നോട്ടുകള്‍ പരമാവധി നിറക്കാവുന്നത് അഞ്ചു ലക്ഷം രൂപ വരെയാണ്. ഇതാണ് എ.ടി.എം വേഗത്തില്‍ കാലിയാകാന്‍ കാരണമെന്ന് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നു.

വിവാഹാവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപവരെ ലഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങളുടെ സങ്കീര്‍ണതമൂലം ആവശ്യക്കാര്‍ പിന്മാറുകയാണെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. വിവാഹക്ഷണക്കത്തിന്‍െറ പകര്‍പ്പ് മുതല്‍ വധൂവരന്മാരുടെയും പാചകക്കാരന്‍െറയുംവരെ തിരിച്ചറിയല്‍ രേഖകള്‍ ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെടുന്ന മറ്റ് സാമ്പത്തിക ഇടപാടുകളുടെ രേഖകളും ചില ബാങ്കുകള്‍ വ്യവസ്ഥയായി വെക്കുന്നുണ്ട്. ബാങ്കുകളില്‍ നോട്ടുമാറാനത്തെുന്നരുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. കൈയില്‍ മഷിപുരട്ടല്‍ നടപടി ആരംഭിച്ചശേഷം ഈ കുറവ് പ്രകടമാണ്.


അതേസമയം, എ.ടി.എമ്മുകളില്‍ കാത്തുനില്‍പിന് അറുതിവന്നിട്ടില്ല. സംസ്ഥാനത്തെ മൂന്നിലൊന്ന് എ.ടി.എമ്മുകളേ ഇന്നലെയും പ്രവര്‍ത്തിച്ചുള്ളൂ. നിലവില്‍ അസാധുനോട്ടുകള്‍ മാറ്റിനല്‍കാനും പുതിയ അക്കൗണ്ടുകള്‍ തുടങ്ങാനും മാത്രമാണ് ബാങ്കുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുമ്പ് ശരാശരി അഞ്ചുമുതല്‍ 10 വരെ അക്കൗണ്ടുകളാണ് പ്രതിദിനം ആരംഭിച്ചിരുന്നത്. ഇപ്പോഴിത് 25 മുതല്‍ 50 വരെയായി ഉയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K