22 November, 2016 11:59:12 PM
ഐ.ടി കമ്പനിയായ ടി.സി.എസ് രത്തൻ ടാറ്റ വിൽക്കാൻ ശ്രമിച്ചു - മിസ്ട്രി
മുംബൈ: ഐ.ടി കമ്പനിയായ ടി.സി.എസ് ഐ.ബി.എമ്മിന് വിൽക്കാൻ രത്തൻ ടാറ്റ ശ്രമിച്ചുവെന്ന് ടാറ്റയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ചെയർമാൻ സൈറസ് മിസ്ട്രി. അദ്ദേഹത്തിന്‍റെ അഹങ്കാരം കാരണം കോറസ് ഇടപാടിൽ തെറ്റായ ബിസിനസ് തീരുമാനമുണ്ടാക്കിയെന്നും അതുവഴി ഇരട്ടി തുകക്കാണ് ഇടപാട് നടന്നതെന്നും മിസ്ട്രി കുറ്റപ്പെടുത്തി.
മിസ്ട്രിയുടെ ഒാഫീസ് പുറത്തുവിട്ട അഞ്ച് പേജുള്ള കത്തിലാണ് രത്തൻടാറ്റയെ രൂക്ഷഭാഷയിൽ വിമർശിച്ചത്. കൂടാതെ മിസ്ട്രി കമ്പനിക്കായി ചെയ്ത കാര്യങ്ങൾ ഒാരോന്നായി കത്തിൽ അക്കമിട്ട് പറയുകയും ചെയ്യുന്നു. മിസ്ട്രിയുടെ നേതൃത്വത്തിന് കീഴിൽ കമ്പനി ഒരു ഒാട്ടോ പൈലറ്റ് പോലെയായിരുന്നുവെന്നും അദ്ദേഹത്തിനെതിരായുണ്ടായ കുത്സിത ശ്രമങ്ങൾക്ക് തുടക്കമിടുന്നതുവരെ മിസ്ട്രി നടത്തിയ കാര്യങ്ങൾ എടുത്ത് പറയേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു.
2012ലായിരുന്നു സൈറിസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ചെയർമാനായി നിയമിച്ചത്. കഴിഞ്ഞ മാസമായിരുന്നു വ്യവസായ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മിസ്ട്രിയെ ടാറ്റ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയത്. പകരം രത്തൻ ടാറ്റക്ക് താൽകാലിക ചുമതല നൽകുകയും ചെയ്തിരുന്നു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയെയും ടാറ്റ നിയോഗിച്ചിരുന്നു. ടാറ്റ ചെയർമാനെന്ന നിലയിൽ അർപ്പിച്ച വിശ്വാസം മിസ്ട്രി കാത്തു സൂക്ഷിച്ചില്ലെന്നായിരുന്നു പുറത്താക്കൽ നടപടിയെ കുറിച്ചുള്ള ടാറ്റ സൺസിന്‍റെ വിശദീകരണം. മിസ്ട്രിയുടെ കാലയളവിൽ ടാറ്റ കൺസൾട്ടൻസിയൂടെതൊഴിച്ച് നാൽപ്പതോളം വരുന്ന മറ്റു സ്ഥാപനങ്ങളുടെ ഒാഹരി വിഹതത്തിൽ കുറവുണ്ടായിയെന്നും അവർ ആരോപിച്ചിരുന്നു.