21 November, 2016 02:18:39 PM
പുതിയ രണ്ടായിരം രൂപ നോട്ട് നിയമ വിരുദ്ധമെന്ന് കോണ്‍ഗ്രസ്
ദില്ലി: പുതിയ രണ്ടായിരം രൂപ നോട്ട് നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ്. പുതിയ കറന്‍സി അച്ചടിക്കുന്നതിന് നിര്‍ബന്ധമായും പ്രത്യേക നോട്ടിഫിക്കേഷന്‍ ഇറക്കണമെന്നാണ് ആര്‍.ബി.ഐ നിയമത്തില്‍ പറയുന്നത്. എന്നാല്‍, നോട്ടിഫിക്കേഷനില്ലാതെയാണ് പുതിയ രണ്ടായിരം രൂപ നോട്ട് പുറത്തിറക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഇക്കാര്യം പാര്‍ലമെന്റിന് അകത്തും പുറത്തും ഉയര്‍ത്തും. നിയമവിരുദ്ധമായ നോട്ടുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ കള്ളപ്പണ വേട്ടയെന്ന പ്രഖ്യാപിത ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനന്ത്രി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെ രാജ്യത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ വാദത്തിന്റെ പടച്ചട്ടയണിഞ്ഞ് കള്ളപ്പണത്തിനു എതിരായുള്ള പോരാളിയാണെന്ന് നടിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ് മോദിയെന്നും ശര്‍മ്മ പറഞ്ഞു. ഭരണഘടനയെയും നിയമങ്ങളെയും കുറിച്ച് നിരക്ഷരരാണ് പ്രധാനമന്ത്രിയും പിന്തുണക്കുന്നവരും.