21 November, 2016 02:11:29 PM


500 രൂപയുടെ നോട്ട് എ.ടി.എമ്മുകളിലെത്താന്‍ ഇനിയും വൈകും



തിരുവനന്തപുരം: 500 രൂപയുടെ നോട്ട് റിസര്‍വ് ബാങ്കിന്‍െറ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെത്തിയെങ്കിലും എ.ടി.എമ്മുകള്‍ വഴിയുള്ള വിതരണം വൈകും. റിസര്‍വ് ബാങ്കില്‍നിന്ന് എന്ന് വിതരണം തുടങ്ങുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. 500 രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കുന്നതിന് നിലവിലെ എ.ടി.എമ്മില്‍ മതിയായ സംവിധാനങ്ങളില്ല. ഓരോ എ.ടി.എമ്മിലും നേരിട്ടെത്തി ക്രമീകരണം നടത്തിയാലേ 500 ലഭ്യമാക്കാനാവൂ. ഇതിനാകട്ടെ ദിവസങ്ങളെടുക്കുമെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്.


എസ്.ബി.ടിക്ക് മാത്രം സംസ്ഥാനത്ത് 1200ഓളം എ.ടി.എമ്മുകളാണുള്ളത്. തിങ്കളാഴ്ച 500 രൂപ നോട്ടുകള്‍ ബാങ്കുകളിലത്തെിയാലും കൗണ്ടറുകള്‍ വഴി മാത്രമേ വിതരണം ചെയ്യാനാകൂ. 150 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് മേഖലാ കേന്ദ്രത്തിലത്തെിയത്. 500 രൂപ വിതരണത്തിനെത്തുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് അയവു വരുമെന്ന് കരുതുന്നു. 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വഴി നല്‍കുന്നുണ്ടെങ്കിലും ചില്ലറയില്ലാത്തതു മൂലം  വിനിമയവും നടക്കുന്നില്ല.


അതത് ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള്‍ ഈമാസം 23 ന് മുമ്പ് റിസര്‍വ് ബാങ്കിലത്തെിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധുനോട്ടെങ്കിലും എത്തിക്കണമെന്നാണ് നിര്‍ദേശമെന്നാണ് വിവരം. ഇതിന് ആനുപാതികമായ അളവില്‍ പുതിയ നോട്ടുകള്‍ ലഭിക്കുമെന്നും കരുതുന്നു.


നോട്ട് നിരോധനം വന്നതോടെ  മിക്ക  ബാങ്കുകളുടെയും ബജറ്റില്‍ നിക്ഷേപത്തിന് നിശ്ചയിച്ചിരുന്ന ലക്ഷ്യപരിധി ഇതിനോടകംതന്നെ പൂര്‍ത്തിയായിട്ടുണ്ട്. 2017 മാര്‍ച്ച് വരെയുള്ള സമയപരിധിക്കുള്ളില്‍ എത്തേണ്ട നിക്ഷേപമാണ് നവംബറില്‍തന്നെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പല ബാങ്കുകളും മാര്‍ച്ചിലും നിക്ഷേപലക്ഷ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. പ്രവാസി നിക്ഷേപങ്ങള്‍ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്. എന്നാല്‍, ഇക്കുറി ആഭ്യന്തര നിക്ഷേപം കുമിഞ്ഞുകൂടുകയാണ്.

അതേസമയം, വായ്പ നല്‍കല്‍ നിരക്ക് കുറഞ്ഞിട്ടുമുണ്ട്. പലിശ നിരക്ക് കുറക്കാത്ത സാഹചര്യത്തില്‍ ഇത്രവലിയ നിക്ഷേപം ഭാവിയില്‍ ബാങ്കുകള്‍ക്കുതന്നെ ഭാരവും പ്രതിസന്ധിയുമാകുമെന്നാണ് വിലയിരുത്തല്‍. അല്ലെങ്കില്‍ വന്‍കിടക്കാര്‍ക്ക് ഉയര്‍ന്ന തുക വായ്പ അനുവദിക്കുന്നതിലേക്കാവും സാഹചര്യങ്ങളെത്തുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K