20 November, 2016 05:56:40 PM
നികുതി അടയ്ക്കാന്‍ പഴയ നോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി
ദില്ലി: രാജ്യത്ത് 1000-500 നോട്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ നോട്ടിന്‍റെ ലഭ്യത ഉറപ്പാക്കും വരെ നികുതിക്ക് പഴയനോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് സംബന്ധിച്ച് ഉത്തരവ് തിങ്കളാഴ്ച ഇറക്കുമെന്നും മന്ത്രി പറഞ്ഞു. അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന് സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ആക്ഷേപമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു. ബാങ്കുകളില്‍ വലിയ തുക നിക്ഷേപിച്ചതില്‍ സംശയിക്കപ്പെടുന്നവര്‍ക്കാണ് പണത്തിന്‍റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.