17 November, 2016 11:48:36 PM
2000 രൂപ വരെ ഇനി പെട്രോള്‍ പമ്പില്‍ നിന്നു പിന്‍വലിക്കാം
ദില്ലി: ഇനി പെട്രോള്‍ പമ്പില്‍ നിന്നും പണം പിന്‍വലിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പമ്പുകളിലാണ് പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ടാവുക. എടിഎം കാര്‍ഡ് സ്വൈപ് ചെയ്താണ് പണമെടുക്കാനാവുക. ഒരു ദിവസം ഒരാള്‍ക്ക് 2000 രൂപ വരെ ഇങ്ങനെയെടുക്കാം. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കം.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്ത പത്രക്കുറിപ്പിലാണ് പണം പിന്‍വലിക്കാനുള്ള പുതിയ സൗകര്യത്തെപ്പറ്റി അറിയിപ്പുള്ളത്. തുടക്കത്തില്‍ 2500 പമ്ബുകളിലാണ് സൗകര്യമൊരുക്കുക. പിന്നീട് 20000 പമ്ബുകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്ബുകളിലാണ് ഈ സംവിധാനം.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയെത്തുടര്‍ന്ന് രാജ്യമെങ്ങും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പണം മാറ്റിയെടുക്കാനും പിന്‍വലിക്കാനുമായി ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പടുന്നത്. തിരക്കു കുറയ്ക്കാനും ആളുകളുടെ ബുദ്ധിമുട്ടൊഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി.