17 November, 2016 11:08:47 PM
കേരളത്തിലേക്ക് 6 വര്‍ഷം കൊണ്ട് ഒഴുകിയ വിദേശ സംഭാവന 6,700 കോടി
കോട്ടയം: സൊസൈറ്റികളോടും ചാരിറ്റി ട്രസ്റ്റുകളോടും നവംബര്‍ എട്ട് വരെയുള്ള കണക്കു ബോധിപ്പിക്കാന്‍ ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം. 2016 മാര്‍ച്ച് 31 മുതല്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ ഈ മാസം എട്ടാം തീയതി വരെ കൈവശം വച്ചിരിക്കുന്ന പണത്തിന്റെ കണക്ക് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചില ട്രസ്റ്റുകളുടേയും സൊസൈറ്റികളുടേയും സഹായത്തോടെ കള്ളപ്പണം വെളുപ്പിക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.
1961-ലെ ആദായനികുതി നിയമത്തിന്റെ 133(6) വകുപ്പു പ്രകാരമാണു നോട്ടിസ് നല്‍കിയിരിക്കുന്നത്. നവംബര്‍ എട്ടിനു ശേഷം സ്ഥാപനങ്ങള്‍ നടത്തിയിരിക്കുന്ന ബാങ്ക് നിക്ഷേപങ്ങള്‍ ഡിസംബര്‍ 30നു ശേഷം പരിശോധിക്കും. 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 18-നുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍നിന്നു സംഭാവന സ്വീകരിക്കുന്ന ചില എന്‍ജിഒകളെ മറയാക്കി ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുമ്പു തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉത്തരകൊറിയ, സിറിയ, ക്യൂബ, കിര്‍ഗിസ്ഥാന്‍, സ്വാസിലാന്‍ഡ്, ലക്സംബര്‍ഗ്, മാള്‍ട്ട തുടങ്ങിയ ചെറു രാജ്യങ്ങളില്‍നിന്നു സ്ഥിരമായി ഈ സംഘടനകള്‍ക്കു സംഭാവന ലഭിക്കുന്നതു ശ്രദ്ധയില്‍പെട്ടതാണു സംശയത്തിനിടയാക്കിയത്. ഇത്തരം എന്‍ജിഒകള്‍ നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ നികുതി ആനുകൂല്യങ്ങള്‍ കൈപ്പറ്റി വെളുപ്പിക്കുന്ന കള്ളപ്പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ സംഘടനകളുടെ പട്ടിക തയാറാക്കിയിരുന്നു. നടപടി കര്‍ശനമാക്കിയതോടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി നിയമപ്രകാരം റജിസ്ട്രേഷന്‍ പുതുക്കാന്‍ അപേക്ഷ നല്‍കാതിരുന്ന 11,319 സംഘടനകളുടെ റജിസ്ട്രേഷന്‍ നവംബര്‍ ഒന്നിനു റദ്ദായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കനുസരിച്ച് കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വിവിധ സംഘടനകള്‍ 6700 കോടി രൂപയുടെ വിദേശ ധനസഹായമാണു കൈപ്പറ്റിയിരിക്കുന്നത്. 2014-15 വര്‍ഷത്തില്‍ 1620 സ്ഥാപനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് 2511 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 160 ശതമാനം വര്‍ധന.