17 November, 2016 12:09:27 PM
അസാധുനോട്ട് മാറ്റാവുന്ന പരിധി കുറച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി
ദില്ലി: നോട്ട് മാറ്റാവുന്ന പരിധി 4500ൽ നിന്ന് 2000 രൂപയാക്കി കുറച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. വിവാഹാവശ്യങ്ങൾക്ക് രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കർഷകർക്ക് ഒരാഴ്ചയിൽ 25,000 രൂപവരെ പിൻവലിക്കാം. എന്നാൽ അക്കൗണ്ട് കർഷകരുടെ പേരിലായിരിക്കണം. കർഷക വായ്പ, ഇൻഷുറൻസ് അടവിന് 15 ദിവസം കൂടി അനുവദിക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പളം 10,000 രൂപവരെ മുൻകൂറായി ലഭിക്കും. രജിസ്ട്രേഷനുള്ള പച്ചക്കറി വ്യാപാരികൾക്ക് 50,000രൂപ വരെ പിൻവലിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
നവംബർ എട്ടിനാണ് നോട്ട് പിൻവലിച്ചത്. പെട്ടെന്നുണ്ടായ നോട്ട് നിരോധനം വിവാഹ പാർട്ടികളെയും മറ്റും ബാധിച്ചിരുന്നു.