14 November, 2016 08:49:20 AM


പഴയ 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗിക്കാം




ദില്ലി: പ്രത്യേകാവശ്യങ്ങള്‍ക്ക് പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി സര്‍ക്കാര്‍ നവംബര്‍ 24 വരെ നീട്ടി. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സമയപരിധി നീട്ടിയിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച അവലോകനത്തിന് ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സര്‍ക്കാര്‍ ആസ്പത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 24 വരെ നോട്ടുകള്‍ സ്വീകരിക്കും. 


പുതിയ 500, 2000 രൂപ നോട്ടുകള്‍ രാജ്യത്തെമ്പാടുമുള്ള എടിഎമ്മുകളില്‍ സജ്ജീകരിക്കാന്‍ പ്രത്യേക കര്‍മസേനയെ നിയമിക്കാനും പ്രധാനമന്ത്രിയുടെ പ്രത്യേക യോഗത്തില്‍ തീരുമാനമായി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജ്ജ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍, സാമ്ബത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവരും ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K