13 November, 2016 10:25:05 PM
പുതിയ 500 രൂപ നോട്ട് വിതരണത്തില്‍; ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാം
ദില്ലി : ഒരു ദിവസം ബാങ്കില്‍നിന്നു പിന്‍വലിക്കാവുന്ന തുകയില്‍ ഇളവ് അനുവദിച്ചു. നിലവിലുണ്ടായിരുന്ന 10,000 രൂപ പരിധി എടുത്തുകളഞ്ഞതായി ധനമന്ത്രാലയം അറിയിച്ചു. ഇനി ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാം. അസാധുവായ നോട്ടുകള്‍ 4500 രൂപ വരെ മാറ്റിയെടുക്കാം. നേരത്തെ ഇത് നാലായിരമായിരുന്നു. നോട്ടുകള്‍ മാറ്റാനും പണം പിന്‍വലിക്കാനും ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രാലയം അറിയിച്ചു.
എല്ലാ പ്രധാന ബാങ്കുകളും മൊബൈല്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രമിക്കണം. പോസ്റ്റ് ഒാഫിസുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ചെറിയ തുകയുടെ നോട്ടുകള്‍ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. നവംബര്‍ 10 മുതല്‍ 13 വരെ ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 രൂപ നോട്ടുകളാണ് ലഭിച്ചത്. 50000 കോടി രൂപ അക്കൗണ്ടുകളില്‍ നിന്നു പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
പുതിയ 500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പുതിയ 500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം വേണ്ടത്ര നോട്ടുകളില്ലാതെ ജനം നെട്ടോട്ടമോടുന്നതിനിടെയാണ് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ (സി.എന്‍.പി) നിന്ന് 500 രൂപയുടെ ആദ്യ ഗഡു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയിരുന്നു. ഈ നോട്ടുകള്‍ പരിശോധനക്ക് ശേഷം ഇന്ന് ഉച്ച കഴിഞ്ഞതോടെയാണ് ഏതാനും ബാങ്കുകള്‍ വഴി വിതരണം ചെയ്ത തുടങ്ങിയത്. വരും ദിവസങ്ങളില്‍ രാജ്യത്താകമാനം 500 രൂപ നോട്ടുകള്‍ ലഭ്യമാകുന്നതോടെ നോട്ട് പ്രതിസന്ധി ഏറെക്കുറേ ലഘൂകരിക്കാനാകുമെന്നാണ് കരുതുന്നത്.