28 November, 2026 09:07:58 AM
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികൾ പിടിയിൽ

ചങ്ങനാശ്ശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ തലയോലപ്പറമ്പ് പോലീസിന്റെയും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിൽ. ചങ്ങനാശ്ശേരി വണ്ടിപ്പേട്ട ചക്കാലയിൽ വീട്ടിൽ ജാഫർ ഇബ്രാഹിം കുട്ടി(33), ടിയാന്റെ കൂട്ടാളികളായ ചങ്ങനാശ്ശേരി, ഫാത്തിമാപുരം, പൊട്ടശ്ശേരി ഭാഗത്ത്, പുത്തൻപീടികയിൽ വീട്ടിൽ മുഹമ്മദ് സനിദ് (26), ഫാത്തിമപുരം, കുന്നക്കാട് ഭാഗത്ത് നെല്ലിപ്പറമ്പിൽ വീട്ടിൽ ബാദുഷ സാലി(28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 15 ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു. ഇവർ അന്തർ സംസ്ഥാന ലഹരി കടത്തിലെ കണ്ണികൾ ആണെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി മുൻസിപ്പൽ ആർക്കേഡിലുള്ള മൊബൈൽ കടകളുടെ മറവിലൂടെയാണ് ഇവർ വൻതോതിൽ ലഹരി വില്പന നടത്തിയിരുന്നത്. ഇതേ ആർക്കേഡിൽ മൊബൈൽ കട നടത്തിയിരുന്ന ജസീം എന്നയാളെ ഏതാനും ആഴ്ച മുമ്പ് ലഹരി വില്പനയുടെ പേരിൽ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിഞ്ഞ് വരികയാണ്. ജെസീമിന്റെ പേരിലുള്ള ആറു മൊബൈൽ കടകൾ പോലീസ് പൂട്ടിച്ചതിന് പിന്നാലെയാണ് ഇവരും പിടിയിലാകുന്നത്. ഈ ആർക്കേഡിലുള്ള മൊബൈൽ കടകൾ ലഹരി മാഫിയയുടെ താവളം ആണെന്നും മൊബൈൽ വില്പനയുടെ മറവിൽ ഇവിടെ വൻതോതിൽ ലഹരി കച്ചവടമാണ് നടക്കുന്നത് എന്നും പോലീസ് അറിയിച്ചു.




