01 April, 2026 07:51:15 PM
ചങ്ങനാശ്ശേരിയിൽ ഡ്രൈ ഡേയിൽ മദ്യവില്പന: പായിപ്പാട് സ്വദേശി പിടിയിൽ

തൃക്കൊടിത്താനം: ഡ്രൈഡേയിൽ പത്ര വിതരണത്തിന്റെ മറവിൽ വില്പനയ്ക്കായി എത്തിച്ച വിദേശ മദ്യവുമായി മധ്യ വയസ്കൻ പോലീസ് പിടിയിൽ. പായിപ്പാട് നാല് കോടി മറ്റക്കാട്ട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നാസറി (55) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്വാടും തൃക്കൊടിത്താനം പോലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ കൈവശത്ത് നിന്ന് വിൽപ്പനയ്ക്കായി എട്ടു കുപ്പികളിലായി സുക്ഷിച്ച വിദേശ മദ്യവും കണ്ടെടുത്തു.
ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും കൂടുതൽ അളവിൽ വിദേശമദ്യം വാങ്ങി ചെറുകുപ്പികളിലാക്കി പത്രവിതരണത്തിന്റെ മറവിൽ വ്യാപകമായി ചങ്ങനാശ്ശേരി,നാലുകോടി, ആരമല എന്നീ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നു എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധസ്‌ക്വാഡും (ഡെൻസാഫ് ) തൃക്കൊടിത്താനം പോലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർന്നും അനധികൃത മദ്യ വില്പനക്കും, മയക്കുമരുന്നിനും, എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തൃക്കൊടിത്താനം എസ് എച്ച് ഓ അറിയിച്ചു.






